തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു, സംസ്ഥാന സര്‍ക്കാറിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും -മന്ത്രി വി. ശിവൻകുട്ടി
text_fieldsതൃശൂര്‍: തമിഴ്നാട് വാൽപ്പാറയിൽ ട്രാവലര്‍ നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വിവരമറിഞ്ഞ ഉടൻ തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വേണ്ട സഹായങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഉറപ്പു നൽകിയിട്ടുണ്ട്. കോയമ്പത്തൂര്‍ കലക്ടറുടെ നേതൃത്വത്തിൽ എല്ലാ നടപടികളും സ്വീകരിച്ചുവരുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മനസ്സ് മരവിക്കുന്ന വാർത്തയാണ് വാൽപ്പാറയിൽനിന്ന് അറിഞ്ഞതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തമിഴ്നാട് വാൽപ്പാറയിൽ മലപ്പുറം പാങ്ങ് പാറമ്മൽ ജി.എൽ.പി സ്കൂളിലെ അധ്യാപകര്‍ സഞ്ചരിച്ച ട്രാവലരാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തില്‍ ഏഴു സ്ത്രീകളും രണ്ട് കുട്ടികളുമാണ് മരിച്ചത്. അധ്യാപകര്‍ സഞ്ചരിച്ച വാഹനം ചുരത്തിലെ ഹെയര്‍പിൻ വളവിൽ വെച്ച് അപകടത്തിൽപെടുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് വാൽപ്പാറയിലെ 13ാം വളവിൽ വെച്ച് നിയന്ത്രണംവിട്ട് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഒമ്പതാം വളവിന്‍റെ റോഡിലേക്കാണ് വാഹനം വീണത്. അപകടത്തിൽ വാൻ പൂര്‍ണമായും തകര്‍ന്നു.
മലപ്പുറത്തുനിന്ന് വിനോദയാത്രക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 14 പേരുണ്ടായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളവിൽ തെന്നിമാറി നിയന്ത്രണംവിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
വിനോദയാത്രയുടെ ഭാഗമായി വാൽപ്പാറയിലേക്ക് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പൊള്ളാച്ചി ജില്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം ചിറ്റൂർ ഡിവൈ.എസ്.പി കുട്ടികൃഷ്ണൻ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

