തമിഴകത്ത് വിജയ് തരംഗം
text_fieldsചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് വിജയിയുടെ തമിഴക വെട്രി കഴകം (ടി.വി.കെ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. രണ്ട് വർഷം മുമ്പ് മാത്രം രൂപവത്കരിക്കപ്പെട്ട ടി.വി.കെയുടെ കന്നി തെരഞ്ഞെടുപ്പ് പോരാട്ടമാണിത്. ടി.വി.കെക്ക് 35 ശതമാനത്തിലധികം വോട്ടുകളോടെ 107 സീറ്റാണ് ലഭിച്ചത്. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തനിലയിൽ സർക്കാർ രൂപവത്കരിക്കുന്നതിന് ഗവർണർ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടി.വി.കെയെ ക്ഷണിക്കും. തുടർന്ന് വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേൽക്കും.
കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് ആവശ്യം. പ്രത്യേക സാഹചര്യത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ ഉറപ്പാക്കുന്നതിന് ടി.വി.കെ കേന്ദ്രങ്ങൾ ശ്രമം തുടങ്ങിയിട്ടുണ്ട്. ടി.വി.കെക്ക് പിന്തുണ നൽകാനുള്ള നീക്കവുമായി തമിഴ്നാട് കോൺഗ്രസും കരുക്കൾ നീക്കുന്നുണ്ട്. തമിഴ്നാട്ടിൽ സ്വീകരിക്കേണ്ട അടുത്ത നടപടി സംബന്ധിച്ച് ആലോചിക്കുമെന്ന് തമിഴ്നാട് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഗിരിഷ് േസാഡങ്കർ അറിയിച്ചു. ഡി.എം.കെ സഖ്യത്തിലുള്ള കോൺഗ്രസിന് അഞ്ച് സീറ്റുകളാണുള്ളത്.
അതിനിടെ ടി.വി.കെയുമായി അണ്ണാ ഡി.എം.കെ സഖ്യത്തിനില്ലെന്ന് മുതിർന്ന നേതാവ് സി. പൊന്നയ്യൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. 1977ൽ എം.ജി.ആർ അധികാരത്തിലേറിയതുപോലെ ടി.വി.കെയും ഭരണത്തിലേറുമെന്ന വിജയിയുടെ പ്രഖ്യാപനം യാഥാർഥ്യമായിരിക്കയാണ്. തിരുച്ചി ഈസ്റ്റ്, പെരമ്പൂർ നിയമസഭ മണ്ഡലങ്ങളിൽനിന്നാണ് വിജയ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ ഏതെങ്കിലുമൊരു സീറ്റിൽനിന്ന് വിജയ് രാജിവെച്ചേക്കും.
ദശാബ്ദങ്ങളായി മാറിമാറി തമിഴകം ഭരിച്ച ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഇത്തവണ ഒരുമിച്ച് പ്രതിപക്ഷ ബെഞ്ചിലിരിക്കേണ്ട അപൂർവ സാഹചര്യമാണ് സംജാതമായിരിക്കുന്നത്. കൊളത്തൂരിൽ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ തോൽവിയിൽ രാഷ്ട്രീയ കേന്ദ്രങ്ങൾ ഞെട്ടലിലാണ്. ടി.വി.കെയുടെ വി.എസ്. ബാബുവാണ് സ്റ്റാലിനെ 9192 വോട്ടുകളുടെ വ്യത്യാസത്തിന് പരാജയപ്പെടുത്തിയത്.
1971 മുതൽ ഡി.എം.കെയും അണ്ണാ ഡി.എം.കെയും മാറിമാറി ഭരിച്ച തമിഴകത്ത് ടി.വി.കെയുടെ കടന്നുവരവോടെ തമിഴക രാഷ്ട്രീയത്തിൽ പുതുയുഗപിറവിക്ക് തുടക്കമായിരിക്കയാണ്. ടി.വി.കെക്ക് തനിച്ച് 107 സീറ്റുകൾ ലഭിച്ചപ്പോൾ രണ്ടാം സ്ഥാനത്തുള്ളത് 72 സീറ്റുകളോടെ ഡി.എം.കെ സഖ്യമാണ്. അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യം 55 സീറ്റുകളോടെ മൂന്നാം സ്ഥാനത്താണ്. ഡി.എം.കെ സഖ്യത്തിന് 32 ശതമാനവും അണ്ണാ ഡി.എം.കെ സഖ്യത്തിന് 28 ശതമാനവും വോട്ടാണ് നേടിയത്. ശക്തമായ ത്രികോണ മത്സരത്തിൽ നേരിയ ഭൂരിപക്ഷത്തിനാണ് ഭൂരിഭാഗം പേരും വിജയിച്ചത്.
ജയിച്ചവരിൽ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി (എടപ്പാടി), ടി.വി.കെ അധ്യക്ഷൻ വിജയ് (തിരുച്ചി ഈസ്റ്റ്, പെരമ്പൂർ), ഉദയ്നിധി സ്റ്റാലിൻ (ചേപ്പാക്കം), ഡി.എം.ഡി.കെ ജനറൽ സെക്രട്ടറി പ്രേമലത വിജയ്കാന്ത് (വിരുതാചലം), പി.എം.െക നേതാവ് സൗമ്യ അൻപുമണി (ധർമപുരി), ടി.വി.കെ നേതാക്കളായ ആധവ് അർജുന (വില്ലിവാക്കം), എൻ. ആനന്ദ് (ടി നഗർ), കെ.എ. ശെങ്കോട്ടയൻ(ഗോപിെച്ചട്ടിപാളയം), ഡി.എം.കെ നേതാവ് ശെന്തിൽബാലാജി (കോയമ്പത്തൂർ സൗത്ത്), അണ്ണാ ഡി.എം.കെ നേതാവ് എസ്.പി. വേലുമണി(തൊണ്ടാമുത്തൂർ), അണ്ണാ ഡി.എം.കെയുടെ ലീമറോസ് മാർട്ടിൻ (ലാൽഗുഡി), ഒ. പന്നീർശെൽവം(ബോഡിനായ്ക്കന്നൂർ) എന്നിവരുൾപ്പെടും.
ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ(കൊളത്തൂർ), കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എൽ. മുരുകൻ (അവിനാശി), നാം തമിഴർ കക്ഷി നേതാവ് സീമാൻ (കാരൈക്കുടി), തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ. ശെൽവപെരുന്തകൈ (ശ്രീപെരുമ്പതൂർ), ബി.ജെ.പി മുതിർന്ന നേതാവ് തമിഴിസൈ സൗന്ദരരാജൻ(മയിലാപ്പൂർ), ഡി.എം.കെ മുൻ മന്ത്രി പി.ടി.ആർ പളനിവേൽരാജൻ (മധുര സെൻട്രൽ), സ്പീക്കർ എം. അപ്പാവു (രാധാപുരം), മഹിളാമോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ (കോയമ്പത്തൂർ നോർത്ത്), ഡി.എം.കെ മുതിർന്ന നേതാവ് ദുരൈമുരുകൻ (കാട്പാടി), തുടങ്ങിയവരാണ് തോറ്റവരിൽ പ്രമുഖർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

