ജോലിയുമില്ല, കൂലിയുമില്ല: കോറോ ഹെൽത്തിന് പിന്നാലെ ടൽറോപ് കമ്പനിയിലും കൂട്ടപിരിച്ചുവിടൽ; മുന്നൂറോളം ജീവക്കാരെ പുറത്താക്കി
text_fieldsകൊച്ചി: കൊച്ചിയിലും കോഴിക്കോടുമായി ബ്രാഞ്ചുകളുണ്ടായിരുന്ന അമേരിക്കൻ കമ്പനി കൊറോ ഹെൽത്തിൽ 800 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ കൊച്ചിയിലെ ടൽറോപ് കമ്പനിയിലും കൂട്ടപിരിച്ചുവിടൽ. ടൽറോപ് കമ്പനിയിൽ നിന്നും 300-ഓളം ജീവക്കാരെയാണ് പിരിച്ചുവിട്ടത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പ്രവർത്തനം മൂലമാണ് കമ്പനി പൂട്ടുന്നതെന്ന് വ്യക്തമാക്കിയാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടത്.
തിരുവനന്തപുരം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ടൽറോപ്. കേരളത്തിലുടനീളമുള്ള കാമ്പസുകളിൽ 'കാമ്പസ് ഇന്നോവേഷൻ ഹബ്ബുകൾ' സ്ഥാപിച്ചിട്ടുള്ള ടൽറോപ്, വ്യത്യസ്‍ത തരത്തിലുള്ള ഐ.ടി സേവങ്ങൾ വാഗ്‌ദാനം ചെയ്യുന്ന ഐ.ടി കമ്പനിയാണ്. എ.ഐ വന്നതിന് പിന്നാലെയാണ് ജീവനക്കാരെ ഘട്ടം ഘട്ടമായി ജോലിയിൽ നിന്നും പിരിച്ചു വിട്ടത്. മൂന്ന് മാസത്തെ ശമ്പളവും സെറ്റിൽമെന്റ് തുകയും നൽകുമെന്ന് പ്രഖ്യാപിച്ച കമ്പനി, വാഗ്‌ദാനം പാലിക്കാത്തതിനാൽ പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ജീവനക്കാർ. എ.ഐ ഉപയോഗം കമ്പനിയുടെ വളർച്ചയെ ബാധിച്ചെന്ന് പറയുമ്പോഴും കമ്പനി ഉടമകൾ മറ്റ് സംസ്ഥാനങ്ങളിൽ നിക്ഷേപങ്ങളുമായി മുന്നോട്ട് പോകുന്നുണ്ടെന്നും ജീവക്കാർ ആരോപിക്കുന്നു.
പിരിച്ചുവിട്ട ജീവനക്കാർ തൊഴിൽ വകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. എന്നാൽ നടപടികളൊന്നും ഉണ്ടായിട്ടില്ലായെന്ന് ജീവനക്കാർ വ്യക്തമാക്കി. തൊഴിൽ വകുപ്പ് പ്രശ്‌നം പരിഹരിക്കാൻ കഴിയില്ലെന്നും ലേബർ കോടതിയിലേക്ക് കേസ് കൈമാറണമെന്നും ജീവക്കാരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ മറുപടി ലഭിച്ചിട്ടില്ല. സംഭവത്തിൽ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷയിലാണ് ജീവനക്കാർ.
അതേസമയം, കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയും പരാജയപ്പെട്ടു. അടച്ചുപൂട്ടലല്ലാതെ മറ്റൊരു തീരുമാനമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കമ്പനി. എറണാകുളം കലക്ടറേറ്റിൽ നടന്ന ചർച്ചയിൽ കമ്പനി അധികൃതരും ജീവനക്കാരുടെ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
എന്നാൽ, കേരളത്തിലെ ഓഫിസുകൾ പൂട്ടിയെങ്കിലും തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ ഓഫിസുകളിൽ പുതിയ ജീവനക്കാരെ നിയമിച്ച് കമ്പനി പ്രവർത്തനം തുടരുന്നതായാണ് റിപ്പോർട്ടുകൾ. പിരിച്ചുവിടൽ നടപടിയുടെ ഭാഗമായി മൂന്ന് മാസത്തെ ശമ്പളം ജീവനക്കാർക്ക് നൽകിയിട്ടുണ്ടെന്നാണ് കമ്പനി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

