'ഞങ്ങളാണ് താങ്കളോട് നന്ദി പറയേണ്ടത്...'- മമ്മൂട്ടിയോട് ഡി.ജി.പി; ആഭ്യന്തര വകുപ്പിന്റെ പിന്തുണയുമായി 'ടോക് ടു മമ്മൂക്ക' പുതിയ ഘട്ടത്തിലേക്ക്
text_fieldsമമ്മൂട്ടിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച 'ടോക് ടു മമ്മൂക്ക'ക്ക് ആഭ്യന്തരവകുപ്പിന്റെ പിന്തുണ അറിയിച്ചുകൊണ്ട് ഡി.ജി.പി റവഡ ചന്ദ്രശേഖർ പദ്ധതിയുടെ നയരേഖ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, രാജഗിരി ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടറും സി.ഇ.ഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി എന്നിവരിൽ നിന്ന് ഏറ്റുവാങ്ങുന്നു.
കൊച്ചി: ലഹരി മരുന്നുപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങൾ ഫോണിലൂടെ കൈമാറാനായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച 'ടോക് ടു മമ്മൂക്ക' ആഭ്യന്തരവകുപ്പിന്റെ പിന്തുണയോടെ പുതിയ ഘട്ടത്തിലേക്ക്. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള സാമൂഹികസേവന പ്രസ്ഥാനമായ കെയർ ആന്റ് ഷെയർ ഇന്റർനാഷനലാണ് 'ടോക് ടു മമ്മൂക്ക'ക്ക് മേൽനോട്ടം വഹിക്കുന്നത്.
ലഹരിയുടെ പിടിയിലാവയർക്ക് കൗൺസലിങ് ആവശ്യമെങ്കിൽ ആലുവ രാജഗിരി ആശുപത്രിയുമായി സഹകരിച്ച് അതിനുള്ള സൗകര്യം ഒരുക്കും. രാജഗിരി ആശുപത്രിയുടെ ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെ മുഴുവൻ സമയ സേവനവും സൗജന്യമായി ലഭിക്കും. രാജഗിരി സൈക്യാട്രി വിഭാഗത്തിലെ ഡോ. വിനീത് മോഹൻ, ഡോ. ഗാർഗി പുഷ്പലാൽ, ഡോ. അർജുൻ ബലറാം, ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരായ ദിവ്യ കെ. തോമസ്, അമൃത മോഹൻ എന്നിവരാണ് സംഘത്തിലുളളത്.
'ടോക് ടു മമ്മൂക്ക'യിലേക്ക് ലഭിക്കുന്ന വിവരങ്ങളും പരാതികളും സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകി സർക്കാർ ഉത്തരവായതിനു പിന്നാലെ കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡി.ജി.പി തന്നെ തത്സമയ പരാതി പരിഹാരത്തിന് തുടക്കമിട്ടു.
സമൂഹത്തിന് വേണ്ടി ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചതിന് മമ്മൂട്ടി നന്ദി പറയുകയാണെന്ന് ഡി.ജി.പി റവഡ ചന്ദ്ര ശേഖർ പറഞ്ഞു. കോഴിക്കോട് നടുവണ്ണൂരിൽ നിന്നുള്ള പരാതിയാണ് ഡി.ജി.പി സ്വീകരിച്ചത്. ചികിത്സക്ക് ശേഷം ചെന്നൈയിൽ വിശ്രമിക്കുന്ന മമ്മൂട്ടി ഫോണിലൂടെ ചടങ്ങിന്റെ ഭാഗമായി. പദ്ധതിക്ക് പിന്തുണ നൽകുന്നതിന് സർക്കാറിനും ആഭ്യന്തരവകുപ്പിനുമുള്ള നന്ദി അദ്ദേഹം ഡി.ജി.പിയെ അറിയിച്ചു.
ലഹരി മരുന്നിനെതിരായ പോരാട്ടത്തിന് പോലീസിന് ശക്തിപകരേണ്ടത് സമൂഹമാണെന്ന് ചടങ്ങിൽ സംസാരിച്ച ഡി.ജി.പി പറഞ്ഞു. മയക്കുമരുന്ന് കടത്തും വിപണനവും ഉപയോഗവുമെല്ലാം അടങ്ങുന്ന പല ഘട്ടങ്ങളിലൂടെയാണ് ലഹരിവ്യാപനം. അത് തടയാൻ സമൂഹത്തിന് വലിയ ഇടപെടലുകൾ നടത്താൻ സാധിക്കും. ലഹരിക്കടത്തുകാരെയും കച്ചവടക്കാർക്കുമെതിരേ പോലീസ് നിയമനടപടികൾ സ്വീകരിക്കും. പക്ഷേ മയക്കുമരുന്നിന് അടിമകളായവർക്ക് കൗൺസിലിങ് പോലുള്ളവ നൽകി ജീവിതത്തിലേക്ക് തിരികെ ക്കൊണ്ടുവരേണ്ടതുണ്ട്. അത്തരം മാർഗങ്ങൾ കൂടി രാജഗിരി ആശുപത്രിയുമായി ചേർന്ന് ടോക് ടു മമ്മൂക്ക പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചുവെന്നത് മാതൃകാപരമാണെന്നും ഡി.ജി.പി കൂട്ടിച്ചേർത്തു.
ലഹരിമരുന്നുപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങൾ ഫോണിലൂടെ കൈമാറാനായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച 'ടോക് ടു മമ്മൂക്ക' ആഭ്യന്തരവകുപ്പിന്റെ പിന്തുണകൂടിയായതോടെ കൂടുതൽ വിപുലമായ ലഹരിവിരുദ്ധപോരാട്ടമായി മാറി. ടോക് ടു മമ്മുക്കയിലേക്ക് ലഭിക്കുന്ന പരാതികൾ സ്വീകരിക്കാൻ ആന്റി നാർക്കോടിക് കൺട്രോൾ റൂമിലും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയുടെ ഓഫീസിനുമാണ് ഡിജിപി മുഖേന സർക്കാർ നിർദേശം നല്കിയിട്ടുള്ളത്. നിലവിൽ സംസ്ഥാന കുടുംബശ്രീ മിഷന്റെ സഹകരണം പദ്ധതിക്കുണ്ട്. 'ടോക് ടു മമ്മൂക്ക'യുമായി സഹകരിക്കണമെന്ന് നേരത്തെതന്നെ എക്‌സൈസ്, തദ്ദേശസ്വയംഭരണ വകുപ്പുകൾക്ക് സർക്കാർ നിർദേശം നല്കിയിരുന്നു.
6238877369 എന്ന നമ്പരിലേക്ക് വിളിച്ച് ലഹരിമരുന്ന് ഉപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാം. കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ ഇത് പോലീസിനും എക്സൈസിനും കൈമാറും. പരാതികൾ അറിയിക്കാൻ മേൽപ്പറഞ്ഞ ഫോൺ നമ്പരിലേക്ക് വിളിക്കുമ്പോൾ മമ്മൂട്ടി സ്വന്തം ശബ്ദത്തിലാണ് സ്വാഗതം ചെയ്യുന്നത്. മമ്മൂട്ടിയുടെ പ്രിയപ്പെട്ട നമ്പർ ആയ 369-ൽ അവസാനിക്കുന്നതാണ് 'ടോക് ടു മമ്മൂക്ക' സംരംഭത്തിന്റെ നമ്പർ എന്ന പ്രത്യേകതയുമുണ്ട്.
ചടങ്ങിൽ കൊച്ചി സിറ്റിപോലീസ് മുൻ കമ്മീഷണർ വിനോദ് തോമസ്, രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും, സിഇഒയുമായ ഫാ.ജോൺസൺ വാഴപ്പിള്ളി സിഎംഐ, കൊച്ചി സൗത്ത് എ.സി.പി പി.രാജ്കുമാർ, കെയർ ആന്റ് ഷെയർ ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, ഡയറക്ടർ റോബർട്ട് കുര്യാക്കോസ്,രാജഗിരി ഹെൽത്ത് കെയർ പ്രമോഷൻസ് വൈസ് പ്രസിഡന്റ് ജോസ് പോൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

