തളിപ്പറമ്പ് സൂ സഫാരി പാര്‍ക്ക്: പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടും
text_fieldsതളിപ്പറമ്പ്: മണ്ഡലത്തിലെ നാടുകാണിയില്‍ നിർമിക്കാന്‍ ഉദ്ദേശിക്കുന്ന സൂ സഫാരി പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി വേഗത്തിലാക്കുമെന്ന് മന്ത്രി ഒ.ജെ. ജെനീഷ് അറിയിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ആലോചനയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതി നടത്തിപ്പില്‍ ഉണ്ടായ സമയനഷ്ടം നികത്തുന്നതിനും വിവിധ വകുപ്പുകളുടെ ഏകോപനത്തിനുമായി തളിപ്പറമ്പ് എം.എല്‍.എ ചെയര്‍മാനായും മൃഗശാലാ വകുപ്പ് സൂപ്രണ്ട് കണ്‍വീനറായും പ്രാദേശിക സമിതിക്ക് രൂപം നല്കി. ജില്ല കലക്ടര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കുറുമാത്തൂര്‍, ചപ്പാരപ്പടവ് പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍, ആര്.ഡി.ഒ, സോഷ്യല്‍ ഫോറസ്ട്രി പ്രതിനിധി, പാര്‍ക്ക് സ്പെഷല്‍ ഓഫിസര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനായി അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങള്‍ക്ക് കൃത്യമായ സമയക്രമം നിശ്ചയിക്കും. വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കല്‍, കോണ്ടൂര് മാപ്പിങ്, പരിസ്ഥിതി ആഘാത പഠനം എന്നിവ സമാന്തരമായി മുന്നോട്ടുകൊണ്ടുപോകും. ഡി.പി.ആര് പൂര്‍ത്തിയാകുന്ന മുറക്ക് കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതിക്കായി പ്രപ്പോസല്‍ സമര്‍പ്പിക്കും. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിശദമായ അവലോകന യോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി. യോഗത്തില്‍ ടി.കെ. ഗോവിന്ദന് എം.എല്‍.എ, ജില്ലാ കലക്ടര്‍ പി. വിഷ്ണുരാജ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട്ട്, മ്യൂസിയം-മൃഗശാലാ വകുപ്പ് ഡയറക്ടര്‍ പി.എസ്. മഞ്ജുള ദേവി, ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സജി ഓതറ, തിരുവനന്തപുരം സുവോളജിക്കല്‍ പാര്‍ക്ക് സൂപ്രണ്ട് ടി.വി. അനില്‍കുമാര്‍, സഫാരി പാര്‍ക്ക് സ്പെഷ്യല്‍ ഓഫീസര്‍ ബി. ജോസഫ്, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

