‘തിരച്ചിൽ വൈകിയതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരുമുണ്ടാകില്ലെന്ന് പറഞ്ഞത് ഞാൻ’; പിഴവ് സമ്മതിച്ച് കോളജ് സൂപ്രണ്ട്
text_fieldsകോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ വീഴ്ച സമ്മതിച്ച് കോളജ് സൂപ്രണ്ട് ജയകുമാർ. തിരച്ചില്‍ വൈകിയതിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നതായും കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയത് താനാണെന്നും അദ്ദേഹം പറഞ്ഞു.
‘തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സംഘം അവിടെ എത്തിയപ്പോള്‍ വിവരങ്ങള്‍ കൈമാറിയത് ഞാനാണ്. പ്രാഥമികമായി അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടപ്പില്ല എന്ന വിവരം മന്ത്രിമാരെ അറിയിച്ചത്’ -ജയകുമാര്‍ പറഞ്ഞു.
കെട്ടിടത്തിലെ എല്ലാ സേവനങ്ങളും നിർത്തിവെക്കാൻ കഴിയുമായിരുന്നില്ല. ശുചിമുറി ഉപയോഗിക്കാനായി ആളുകൾ കെട്ടിടം ഉപയോഗിച്ചിരുന്നു. ഇടക്ക് കെട്ടിടം പൂട്ടിയിട്ടെങ്കിലും രോഗികളുടെ എണ്ണം വർധിച്ചതോടെ വീണ്ടും തുറന്നു കൊടുക്കേണ്ടി വന്നു. കെട്ടിടത്തില്‍നിന്നു ആളുകളെ പൂര്‍ണമായും മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയായിരുന്നു എന്നും സൂപ്രണ്ട് പറയുന്നു.
കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് ഉമ്മാൻകുന്ന് ചേപ്പോത്തുകുന്നേൽ ബിന്ദുവാണ് (52) മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലുള്ള മകൾ നവമിക്ക് കൂട്ടിരിപ്പിനാണ് ബിന്ദു ആശുപത്രിയിലെത്തിയത്.
അലീന (11), അമൽ പ്രദീപ് (20), ജിനു സജി (38) എന്നിവർക്ക് നിസ്സാര പരിക്കേറ്റെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് അപകടം. 68 വർഷം പഴക്കമുള്ള കെട്ടിടത്തിന്‍റെ സർജിക്കൽ ബ്ലോക്കിലെ ബാത്ത്റൂം ബ്ലോക്കാണ് ഇടിഞ്ഞുവീണത്. മൂന്നുനില കെട്ടിടത്തിന്‍റെ പല ഭാഗങ്ങളിലായി 14, 10, 11 വാർഡുകൾ പ്രവർത്തിച്ചുവരുകയായിരുന്നു. വലിയ ശബ്ദത്തോടെ കെട്ടിടം നിലംപൊത്തിയതോടെ രോഗികളും കൂട്ടിരിപ്പുകാരും ഓടിരക്ഷപ്പെട്ടു. കുളിക്കാൻ പോയതായിരുന്നു ബിന്ദു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മന്ത്രിമാരുടെ വലിയ സംഘം സംഭവസ്ഥലത്തിന് കിലോമീറ്ററുകൾ അകലെ തെള്ളകത്ത് മേഖല അവലോകന യോഗത്തിലായിരുന്നു. വിവരമറിഞ്ഞ് യോഗത്തിൽനിന്ന് മന്ത്രിമാരായ വി.എൻ. വാസവനും വീണാ ജോർജും സ്ഥലത്തെത്തി. ഉപയോഗിക്കാതെ അടച്ചിട്ടിരുന്ന കെട്ടിടമാണ് തകർന്നതെന്നും അവിടെ ആരും ഇല്ലെന്നും രണ്ടുപേർക്ക് നിസ്സാര പരിക്കേയുള്ളൂവെന്നുമാണ് മന്ത്രിമാർ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിച്ചത്. തുടർന്ന് പരിക്കേറ്റ അലീനയെ സന്ദർശിച്ചശേഷം മന്ത്രിമാർ മടങ്ങുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

