തകഴി വില്ലേജിൽ തോട്, പുറമ്പോക്ക് ഭൂമി പതിച്ച് നൽകാൻ ഉത്തരവ്
text_fieldsതിരുവനന്തപുരം : കുട്ടനാട് തകഴി വില്ലേജിൽ തോട്, പുറമ്പോക്ക് ഭൂമി പതിച്ച് നൽകണമെന്ന് ഉത്തരവ്. ചെക്കിടിക്കാട് മുറിയിൽ കൂലിപ്പരക്കൽ, കാഞ്ചിക്കൽ, ഇരുന്നൂറ്റിൽ, മാലി എന്നീ പുതുവലുകളിൽ താമസിക്കുന്ന അർഹരായ ഭൂരഹിത കുടുംബങ്ങളുടെ കൈവശത്തിലുള്ള തോട്, പുറമ്പോക്ക് ഭൂമി പതിച്ചു നൽകാനാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിന്റെ ഉത്തരവ്.
ഈ പ്രദേശത്ത് താമസിക്കുന്ന കെ.ആർ ഗോപി അടക്കമുള്ളവരാണ് സർക്കാരിന് നിവേദനം നൽകിയത്. തകഴി വില്ലേജിലെ ബ്ലോക്ക് 30ലെ 475/5, 475/1,475/3, 475/4, 446, 515, 374/2 എന്നീ സർവേ നമ്പരിലുള്ള ഭൂമി പതിച്ചു നൽകണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് ഹൈകോടതിയിലും ഹരജി നൽകി. ആലപ്പുഴ കലക്ടർ സമർപ്പിച്ച് റിപ്പോർട്ടിൽ നിർധനരായ കർഷക തൊഴിലാളികളും പട്ടികജാതിക്കാരും മൽസ്യത്തൊഴിലാളികളുമാണ് ഭൂരിഭാഗം പേരെന്ന് റിപ്പോർട്ട് നൽകി.
ഇവർ ഭൂരഹിതരാണെന്നും 65 വർഷമായി കൈവശം വെച്ചിരിക്കുന്ന ഭൂമിയാണെന്നും കലക്ടർ രേഖപ്പെടുത്തി. ഈ വിഷയത്തിൽ പഞ്ചായത്തു ഡയറക്ടറും ഭൂമി പതിച്ചു നൽകുന്നതിന് അനുകൂലമായിട്ടാണ് റിപ്പോർട്ട് നൽകിയത്. ഇവരുടെ വീടുകളിൽ വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ ലഭിച്ചിട്ടുള്ളതാണെന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ഹിയറിങിൽ പരാതിക്കാരുടെ പ്രതിനിധികൾ അറിയിച്ചിരുന്നു. ഇതിൽ പരിസ്ഥിതിക്ക് കോട്ടം വരാത്ത രീതിയിൽ പുഴപുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവർക്ക് പട്ടയം നൽകുന്നതിനുള്ള അധികാരികൾക്ക് വിനിയോഗിക്കാവുന്നതാണെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.
ദീർഘകാലമായി കൈവശം വെച്ചുവരുന്ന ഭൂമിയിൽ നിന്നും ഇവരെ കുടിയൊഴിപ്പിച്ച് മറ്റൊരു സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കുക വിഷമകരമാണ്. അതിനാൽ, പൊതു താൽപര്യം മുൻനിർത്തി 1964 ലെ ഭൂമി പതിവ് ചട്ടപ്രകാരം സർക്കാരിൽ നിക്ഷിപ്തമായ പ്രത്യേകാധികാരം വിനിയോഗിച്ച്, ഇതൊരു പ്രത്യേക കേസായി പരിഗണിച്ച്, ഇവിടെ അർഹരായ ഭൂരഹിത കുടുംബങ്ങളുടെ കൈവശത്തിലുള്ള തോട് പുറമ്പോക്ക് ഭൂമി പതിച്ച് നൽകണമെന്നാണ് റിപ്പോർട്ട് നൽകിയത്.
1994ലെ കേരളാ പഞ്ചായത്ത് രാജ് നിയമ പ്രകാരമുള്ള വിജ്ഞാപനത്തിലൂടെ ഈ ഭൂമി റവന്യൂ വകുപ്പിൽ പുനർനിക്ഷിപ്തമാക്കിയ ശേഷം പരിസ്ഥിതിക്ക് കോട്ടം വരാതെ സൂക്ഷിക്കുന്നതിനും ബന്ധപ്പെട്ട് കിടക്കുന്ന തോട് അതേപടി സംരക്ഷിക്കുന്നതിനും ഉതകുന്ന തരത്തിൽ അധിക നിബന്ധനകൾക്ക് വിധേയമായി പതിച്ചുനൽകുന്നതിന് അനുമതി നൽകിയത്.
പതിവ് ഭൂമിയുടെ അതിർത്തി തിരിച്ച് ശേഷിക്കുന്ന പുഴ പുറമ്പോക്ക് ഭൂമിയെ തുടർന്നുള്ള കൈയേറ്റങ്ങളിൽ നിന്നും തകഴി ഗ്രാമപഞ്ചായത്ത് സ്വന്തം ചെലവിൽ സംരക്ഷിക്കണം. ഭൂമിക്ക് സംരക്ഷണ ഭിത്തി കെട്ടിയ ശേഷം മാത്രമേ പട്ടയം നൽകാൻ പാടുള്ളൂ. തോട് അതേപടി നിലനിർത്തേണ്ടതും തോട്ടിലേക്ക് കക്കൂസ് മാലിന്യം ഉൾപ്പെടെ യാതൊരു മലിന വസ്തുക്കളും നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പാക്കണം. പട്ടയഭൂമി വീടിനല്ലാതെ മറ്റൊരാവശ്യത്തിനും ഉപയോഗിക്കാൻ പാടുള്ളതല്ല. മറ്റാവശ്യങ്ങൾക്ക് തകഴി ഗ്രാമപഞ്ചായത്ത് അനുമതി നൽകാവുന്നതല്ല. ഇക്കാര്യത്തിലുള്ള നിയമാനുസൃത തുടർ നടപടികൾ ആലപ്പുഴ കലക്ടർ സ്വീകരിക്കണെന്നാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

