യാത്രാമധ്യേ മുംബൈയിൽ ഇറങ്ങി; അടയാള മോതിരമിട്ട ടിബറ്റൻ മണൽക്കോഴി ചാവക്കാട്
text_fieldsചാവക്കാട് കടൽതീരത്ത് കണ്ടെത്തിയ വളയമിട്ട ടിബറ്റൻ മണൽക്കോഴി
പേരാമ്പ്ര (കോഴിക്കോട്): മുബൈയിൽനിന്ന് കാലിൽ അടയാളമോതിരമിട്ട് വിട്ട പക്ഷിയെ ചാവക്കാട് കടൽത്തീരത്ത് കണ്ടെത്തി. പക്ഷി നിരീക്ഷകനായ ടി.പി. ശ്രീനിവാസനാണ് കാലിൽ വളയമിട്ട പക്ഷിയുടെ ഫോട്ടോയെടുത്തു പക്ഷി ഗവേഷകനായ ഡോ. അബ്ദുല്ല പാലേരിക്ക് അയച്ചുകൊടുത്തത്. പക്ഷി ടിബറ്റൻ മണൽക്കോഴിയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും എവിടെനിന്നാണ് വളയമിട്ടു വിട്ടതെന്ന് മനിസ്സിലായില്ല. തുടർന്ന്, വിവരത്തിനായി ഇന്ത്യയിലെയും വിദേശത്തെയും വിവിധ പക്ഷിനിരീക്ഷക ഗ്രൂപുകളിൽ ഫോട്ടോ പോസ്റ്റുചെയ്‌തു.
കാലിൽ രണ്ട് വെളുത്ത അടയാളക്കൊടികൾ (ഫ്ലാഗ്‌സ്) ഘടിപ്പിച്ചതിനാൽ പക്ഷിയെ ഉത്തരേന്ത്യയിൽ നിന്നാണ് വളയമിട്ടു വിട്ടതെന്ന് തിരിച്ചറിയുകയും കൂടുതൽ വിവരം ലഭിക്കാനായി ഫോട്ടോ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലേക്ക് (ബി.എൻ.എച്.എസ്) അയച്ചുകൊടുക്കുകയും ചെയ്തു. 2025 മാർച്ച് 27ന് മുംബൈയിൽ കിരൺ ദാൽവി എന്ന ഗവേഷകൻ മോതിരമിട്ട് വിട്ട പക്ഷിയാണ് ഇതെന്ന് ബി.എൻ.എച്.എസ് സ്ഥിരീകരിച്ചു. ആയിരം കിലോമീറ്ററോളം പറന്ന് ഏതാണ്ട് ഒരു വർഷവും അഞ്ച് മാസവും കഴിഞ്ഞാണ് ഈ ആൺപക്ഷിയെ ചാവക്കാട് കടൽത്തീരത്ത് കണ്ടെത്തിയത്.
ടിബറ്റിലും ഹിമാലയ മേഖലകളിലും പ്രത്യുൽപാദനം നടത്തുന്ന ഇത് കേരളത്തിൽ സ്ഥിരമായി എത്തുന്ന ദേശാടനപക്ഷിയാണെന്ന് അബ്ദുല്ല പാലേരി പറഞ്ഞു. ഈ പക്ഷി കേരളത്തിലേക്കുള്ള യാത്രാമധ്യേ മുബൈയിൽ ഇറങ്ങിയതായി ഈ കണ്ടെത്തലിൽനിന്ന് മനസ്സിലാക്കാം. ദേശാടനപ്പക്ഷികളുടെ വിരുന്നിടങ്ങൾ മാത്രമല്ല, യാത്രാമധ്യേ വിശ്രമത്തിനും ആഹാരത്തിനായും താൽക്കാലികമായി തങ്ങുന്ന ഇടങ്ങളും സുരക്ഷിതമായാലേ അവയുടെ സുരക്ഷ ഉറപ്പുവരുത്താൻ കഴിയൂ. റഷ്യയിൽനിന്ന് വളയമിട്ടു വിട്ട ഒരു വലിയ നട്ട് പക്ഷിയെ 2022ലും ഇറാനിൽനിന്ന് വളയമിട്ടു വിട്ട ഒരു ചെറിയ കടലാളയെ 2023ലും ശ്രീനിവാസൻ ചാവക്കാട് കടൽത്തീരത്ത് കണ്ടെത്തി ഫോട്ടോ എടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

