തച്ചങ്കരിയുടെ വേഷപ്പകർച്ച: ആദ്യം കണ്ടക്ടർ, ഇപ്പോൾ സ്റ്റേഷൻ മാസ്റ്റർ, ഇനി ഡ്രൈവർ
text_fieldsതിരുവനന്തപുരം: കണ്ടക്ടറായി വന്ന് കൗതുകമുണർത്തിയ കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ. തച്ചങ്കരി സ്റ്റേഷൻ മാസ്റ്ററുടെ റോളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചു. സ്റ്റേഷൻ മാസ്റ്ററുടെ യൂനിഫോമായ ഇളം മഞ്ഞ ഷർട്ടും കറുത്ത പാൻറും െഎ.ഡി കാർഡും ധരിച്ച് വ്യാഴാഴ്ച രാവിലെ 7.50 ഒാടെയാണ് തമ്പാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തി ചുമതലയേറ്റത്. ജീവനക്കാർ സ്വീകരിച്ച് ഒാഫിസ് മുറിയിലേക്ക് കൊണ്ടുപോയി. തമ്പാനൂരിലെ സ്റ്റേഷൻ മാസ്റ്റർ സന്തോഷിനായിരുന്നു വ്യാഴാഴ്ചത്തെ ഡ്യൂട്ടി. തച്ചങ്കരി ചുമതലയേറ്റതോടെ സന്തോഷ് സഹായിയായി. ഡ്യൂട്ടി രജിസ്റ്ററിൽ ഒപ്പുവെച്ചശേഷം ഹാജർ ബുക്ക് പരിശോധിച്ചു. പിന്നീട് ജീവനക്കാരുെട അവധിയും അപേക്ഷകളും പരിശോധിച്ചു.
തുടർന്ന് ഷെഡ്യൂൾ അനുസരിച്ച് വിവിധ സ്ഥലങ്ങളിലേക്ക് പോകേണ്ട സർവിസുകളുടെ ഒാപറേഷനിലേക്ക് കടന്നു. ആദ്യം അയച്ചത് തെങ്കാശി ബസായിരുന്നു. റദ്ദാക്കിയവ ഒഴികെ ദീർഘദൂര സർവിസുകളുൾപ്പെടെ ഷെഡ്യൂളുകൾ കൃത്യസമയത്ത് പുറപ്പെട്ടു. ഇതിനിടെ ജീവനക്കാരുടെ പരാതികളും കേട്ടു. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഉറപ്പ് നൽകി.
കെ.എസ്.ആർ.ടി.സി എന്താണെന്നും പ്രവർത്തനങ്ങൾ എങ്ങനെയാണെന്നും പഠിക്കാനാണ് സ്റ്റേഷൻ മാസ്റ്ററുടെ വേഷം അണിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാരും ജീവനക്കാരും തമ്മിൽ സൗഹൃദം ഉണ്ടാക്കേണ്ടതിെൻറ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനിടെ യാത്രക്കാരിൽ ചിലർ തച്ചങ്കരിയെ നേരിൽകണ്ട് പരാതി പറഞ്ഞു. തമ്പാനൂർ ഡിപ്പോയിലെ ലാഭനഷ്ടവും പോരായ്മകളും വിലയിരുത്തി. ഉച്ചക്ക് ഒന്നോടെ പദവി കൈമാറി അദ്ദേഹം ഒാഫിസ് വിട്ടു. അടുത്തതവണ ഡ്രൈവറുടെ വേഷത്തിലാകും എത്തുകയെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
