സ്കൂൾ വാതിൽ തകർത്ത് ഓഫിസ് മുറിയിൽ സൂക്ഷിച്ച 14 പുത്തൻ ടാബുകള്‍ കവർന്നു
text_fieldsRepresentational Image
കാസർകോട്: പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളില്‍നിന്ന് 14 പുത്തൻ ടാബുകള്‍ മോഷണം പോയി. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് മോഷണം നടന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി. രണ്ടംഗസംഘം സ്കൂളിന്റെ വാതിലുകൾ പൊളിച്ച് അകത്തുകയറുകയും ടാബുകളുമായി കടന്നുകളയുകയുമായിരുന്നു. ഓഫിസ് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചതായിരുന്നു ഇവ. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
നഷ്ടപ്പെട്ട ടാബുകളുടെ ഐ.എം.ഇ.ഐ നമ്പര്‍ പൊലീസിന് കൈമാറി. രണ്ടുപേര്‍ കയറിയ ദൃശ്യം സ്കൂളിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നുവെങ്കിലും മുഖം മറച്ച നിലയിലായിരുന്നു.
സ്മാര്‍ട്ട് ക്ലാസുമായി ബന്ധപ്പെട്ട് ഏതാനും മാസം മുമ്പാണ് ടാബുകൾ ഇവിടെ എത്തിച്ചത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്കൂളിലെത്തി പരിശോധന നടത്തി. ബേക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ യു.പി. വിപിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.