എൽ.ഡി.എഫിനെ കൈവിട്ട് ചൂരൽമലയും മുണ്ടക്കൈയും; ടി.സിദ്ദിഖിനെ ചേർത്തുപിടിച്ച് ദുരന്തബാധിതർ
text_fieldsകൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തം വിറങ്ങലിപ്പിച്ച ചൂരൽമലയും മുണ്ടക്കൈയും രാഷ്ട്രീയപ്പോരാട്ടത്തിൽ യു.ഡി.എഫിനൊപ്പം നിന്നു. ദുരന്തബാധിത മേഖലയിലെ മൂന്ന് ബൂത്തുകളിലും വൻ മുന്നേറ്റം നടത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി ടി. സിദ്ദിഖ് 45,031 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കൽപ്പറ്റയിൽ നിന്ന് നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
ദുരന്തമേഖലയിലെ വോട്ടർമാർക്കിടയിൽ എൽ.ഡി.എഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ചൂരൽമലയിൽ 239 വോട്ടിന്റെയും മുണ്ടക്കൈയിൽ 289 വോട്ടിന്റെയും അട്ടമലയിൽ 327 വോട്ടിന്റെയും ഭൂരിപക്ഷം യു.ഡി.എഫ് നേടി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ചൂരൽമല, അട്ടമല വാർഡുകളിൽ എൽ.ഡി.എഫ് ജയിച്ചിരുന്നിടത്താണ് ഈ മാറ്റം. ടി. സിദ്ദിഖ് 97,379 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. അനിൽകുമാറിന് 52,348 വോട്ടുകളെ ലഭിച്ചുള്ളൂ. എൻ.ഡി.എ സ്ഥാനാർത്ഥി പ്രശാന്ത് മലവയൽ 19,175 വോട്ടുകൾ നേടി.
പുനരധിവാസ പ്രവർത്തനങ്ങളും ടൗൺഷിപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദങ്ങളും കത്തിനിന്ന മണ്ഡലത്തിൽ സിദ്ദിഖിനെതിരെയുള്ള സി.പി.എം ആരോപണങ്ങൾ വോട്ടർമാർ തള്ളി. ദുരന്തബാധിതർക്ക് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണത്തിലെ അനിശ്ചിതത്വം എൽ.ഡി.എഫ് പ്രചാരണ വിഷയമാക്കിയെങ്കിലും ഫലമുണ്ടായില്ല. തോട്ടം മേഖലയിലെ തൊഴിലാളികളും ഗോത്രവിഭാഗങ്ങളും നിർണ്ണായകമായ മണ്ഡലത്തിൽ വികസന ചർച്ചകളേക്കാൾ ഉപരിയായി ദുരന്താനന്തര സാഹചര്യങ്ങളാണ് വിധിയെഴുത്തിനെ സ്വാധീനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

