ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി കേന്ദ്രത്തിന് തീയിട്ടു; കത്തിച്ചത് സി.പി.എം പ്രവർത്തകരെന്ന് ആരോപണം
text_fieldsകണ്ണൂർ: പയ്യന്നൂരിൽ മുൻ സി.പി.എം നേതാവ് ടി. പുരുഷോത്തമന്റെ ചെമ്മീൻ കൃഷി കേന്ദ്രത്തിന് തീയിട്ട് അജ്ഞാതർ. ചെമ്മീൻകെട്ടിനോട് ചേർന്നുള്ള ഷെഡ്ഡിനാണ് തീയിട്ടത്. തുടർന്ന്, പയ്യന്നൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ഇരുന്ന് ടി. പുരുഷോത്തമൻ പ്രതിഷേധം നടത്തി. കുറ്റക്കാരെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
ഷെഡ് കത്തിച്ചത് സി.പി.എം പ്രവർത്തകരാണെന്ന് പുരുഷോത്തമൻ ആരോപിച്ചു. വി. കുഞ്ഞികൃഷ്ണനെ പിന്തുണക്കുന്നതിന്റെ പേരിൽ തുടർച്ചയായ ആക്രമണമെന്നും പുരുഷോത്തമൻ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി സ്ഥലത്ത് എത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെമ്മീൻ സൂക്ഷിക്കുന്ന കണ്ടെയ്‌നറുകളും കൃഷിക്ക് ആവശ്യമായ മറ്റു സാമഗ്രികളും പൂർണമായും കത്തിനശിച്ചു. ആദ്യം ബോംബെറിഞ്ഞ ശേഷം ഷെഡ്ഡിന് തീയിടുകയായിരുന്നുവെന്ന് ടി. പുരുഷോത്തമൻ ആരോപിച്ചു.
ഷെഡ്ഡിന് തീയിട്ടതിന് പുറമേ, ചെമ്മീൻകെട്ടിലെ വെള്ളത്തിൽ വിഷദ്രാവകം കലർത്തിയതായി സംശയമുണ്ട്. പുരുഷോത്തമന്റെ സഹോദരപുത്രൻ സ്ഥലത്ത് കാവലുണ്ടായിരുന്നുവെങ്കിലും അദ്ദേഹം പുലർച്ചെ അവിടെ നിന്ന് മാറിയ സമയത്താണ് അക്രമികൾ എത്തിയത്. സി.പി.എം. ഔദ്യോഗിക നേതൃത്വവുമായി പുരുഷോത്തമൻ ഏറെ നാളായി തർക്കത്തിലായിരുന്നു. വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിലും അദ്ദേഹം വിമർശനങ്ങൾക്ക് വിധേയനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

