‘സത്യത്തിനൊപ്പം നിൽക്കുകയാണ് എഴുത്തുകാരന്റെ കടമ’; എം. മുകുന്ദനെതിരെ ഒളിയമ്പുമായി ടി. പത്മനാഭൻ
text_fieldsകണ്ണൂർ: എഴുത്തുകാരൻ എം. മുകുന്ദനെതിരെ ഒളിയമ്പുമായി കഥാകൃത്ത് ടി. പത്മനാഭൻ. ഭരണക്കാർക്കുവേണ്ടി എഴുതുകയെന്നതാണ് എഴുത്തുകാരന്റെ കടമയെന്ന് കേരളത്തിലെ ഒരു സാഹിത്യകാരൻ പറഞ്ഞുകേട്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയെന്ന് ടി. പത്മനാഭൻ പറഞ്ഞു. സി.പി.എം കണ്ണൂർ ജില്ല സമ്മേളനത്തിന്റെ ഭാഗമായി പള്ളിക്കുന്ന് കൃഷ്ണമേനോൻ വനിത കോളജിൽ സംഘടിപ്പിച്ച എഴുത്തുകാരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭ പുരസ്കാരം ഏറ്റുവാങ്ങിയശേഷം എം. മുകുന്ദൻ നടത്തിയ പ്രസംഗത്തിനെതിരെ അദ്ദേഹത്തിന്റെ പേര് പരാമർശിക്കാതെയായിരുന്നു പത്മനാഭന്റെ പ്രതികരണം.
‘കേരളത്തിലെ ഒരു പ്രധാന നോവലിസ്റ്റ് ഒരുലക്ഷം രൂപയുടെ വലിയ അവാർഡ് സ്വീകരിച്ചുകൊണ്ട് നിയമസഭ സ്പീക്കർ അടക്കമുള്ള ചടങ്ങിലാണ് ഭരണകക്ഷിക്ക് അനുകൂലമായ കാര്യങ്ങൾ പറയുകയാണ് എഴുത്തുകാരന്റെ കടമയെന്ന് പറഞ്ഞത്. ഞാൻ മനസ്സിലാക്കിയത് എഴുത്തുകാരന് അങ്ങനെയൊരു കടമയില്ലെന്നാണ്. സത്യത്തിനും നീതിക്കും ഒപ്പം നിൽക്കുകയാണ് എഴുത്തുകാരന്റെ കടമ.
എനിക്ക് സമൂഹമാധ്യമങ്ങളുമായി ഒരു ബന്ധമില്ല. പിന്നീട് ഇത് പറഞ്ഞ മാന്യനെ സമൂഹമാധ്യമങ്ങളിലൂടെ ധാരാളം പേർ ആക്രമിച്ചുവെന്നും കേട്ടു. 2016ലാണ് പിണറായി സർക്കാറിന്റെ ആദ്യ മന്ത്രിസഭ വന്നത്. തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ സമാപനം ധർമടത്ത് ഉദ്ഘാടനം ചെയ്തത് ഞാനായിരുന്നു. ആ പ്രസംഗം ദേശാഭിമാനിയിൽ അച്ചടിച്ചുവന്നു.
രക്ഷകൻ എന്നായിരുന്നു അതിന്റെ തലക്കെട്ട്. കോൺഗ്രസുകാരനായ നിങ്ങൾ കമ്യൂണിസ്റ്റുകാർക്ക് അനുകൂലമായി എഴുതിയിട്ടും പ്രസംഗിച്ചിട്ടും എന്തുകിട്ടിയെന്ന് ഒരു സുഹൃത്ത് എന്നോട് ചോദിച്ചു. ഞാൻ ജീവിതത്തിൽ പറയുന്നതും ചെയ്യുന്നതും ഒന്നും കിട്ടാനല്ല. എന്റെ മനഃസാക്ഷിയുടെ തൃപ്തിക്കുവേണ്ടിയാണെന്ന് മറുപടി നൽകി.
സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി നിൽക്കണമെന്ന് ഒരു ഇടതുപക്ഷ മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോൾ ഞാൻ നിങ്ങൾക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്നായിരുന്നു എന്റെ മറുപടി. നിങ്ങളുടെ ഉത്തരം ഇങ്ങനെയാകുമെന്ന് വരുമ്പോൾതന്നെ എനിക്ക് അറിയാമെന്ന് അദ്ദേഹം പറഞ്ഞത് ഒരു ബഹുമതിയായി കാണുന്നതായും ടി. പത്മനാഭൻ പറഞ്ഞു.
സർക്കാർ പുരസ്കാരങ്ങൾ നൽകിയാലും ഇല്ലെങ്കിലും എഴുത്തുകാർ സർക്കാറിന്റെ കൂടെ നിൽക്കണമെന്നും പുതിയ കേരളത്തെ നിർമിക്കാൻ മുഖ്യമന്ത്രിയുടെ കൂടെ നിൽക്കാൻ ഇനിയും ശ്രമിക്കുമെന്നുമാണ് എം. മുകുന്ദൻ ജനുവരി എട്ടിന് നിയമസഭ പുരസ്കാരം ഏറ്റുവാങ്ങിയശേഷം മറുപടി പ്രസംഗത്തിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

