‘മന്ത്രിയെ ബഹു. ചേർത്തില്ലെങ്കിൽ പൊലീസ് പിടിക്കും, ഒറ്റയടിക്ക് ഞാൻ മരിച്ച് പോകും...’; ബഹു. ഉത്തരവിനെ ട്രോളി ടി. പത്മനാഭൻ
text_fieldsകണ്ണൂർ: മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടേയോ പേര് എഴുതുന്നതിന് മുന്‍പായി ‘ബഹു.’ എന്ന് ഉപയോഗിക്കണമെന്ന സര്‍ക്കുലറിനെ പരിഹസിച്ച് സാഹിത്യകാരൻ ടി. പത്മനാഭൻ. സത്യത്തിൽ എനിക്ക് ഒരു ബഹുമാനവുമില്ലെങ്കിലും ഈ വയസ്സുകാലത്ത് ജയിലിൽ പോകുന്നത് ഒഴിവാക്കാൻ ബഹുമാനപ്പെട്ട, ബഹുമാനപ്പെട്ട എന്ന് ചേർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രൗഡ് കേരളയുടെ നേതൃത്വത്തിൽ രമേശ് ചെന്നിത്തല നയിക്കുന്ന ‘ലഹരിക്കെതിരെ സമൂഹ നടത്തം’ കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി. പത്മനാഭൻ. എലപ്പുള്ളി ബ്രൂവറിക്ക് അനുമതി നൽകരുതെന്ന് ബഹുമാനപ്പെട്ട എക്സൈസ് മന്ത്രിയോട് ആവശ്യപ്പെടുന്നു എന്ന് പറഞ്ഞാണ് ഉത്തരവിനെതിരെ പരിഹാസം ചൊരിഞ്ഞത്.
‘ഏത് മന്ത്രിയെയും കുറിച്ച് നമ്മൾ പറയുമ്പോഴും ബഹുമാനപ്പെട്ട എന്ന് പറഞ്ഞേ പറ്റൂ. ഇല്ലെങ്കിൽ നമ്മൾ ജയലിൽ പോകേണ്ടി വരും. ജയിലിൽ പോകുന്നതിന് മുമ്പ് പൊലീസുകാർ പിടിച്ച് ശരിപ്പെടുത്തും. ഒരൊറ്റയടിക്ക് മരിച്ച് പോകും. അത് കൊണ്ട് ഈ വയസ്സുകാലത്ത്, 97ന്റെ പടിവാതിൽക്കലാണ് ഞാൻ നിൽക്കുന്നത്, അതിനൊന്നും ഇടവരുത്താതിരിക്കാനാണ് ഞാൻ ബഹുമാനപ്പെട്ട, ബഹുമാനപ്പെട്ട എന്ന് പറയുന്നത്. ഒരു സ്വകാര്യം പറയാം, സത്യത്തിൽ എനിക്ക് ഒരു ബഹുമാനവുമില്ല. സത്യം പറയണമെന്നാണല്ലോ. ബഹുമാനപ്പെട്ട എക്സൈസ് മന്ത്രിയോട് ബ്രൂവറിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെടുന്നു’ -പത്മനാഭൻ പറഞ്ഞു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടേയോ മന്ത്രിമാരുടേയോ പേര് എഴുതുന്നതിന് മുന്‍പായി ബഹുമാനാര്‍ഥം ‘ബഹു.’ എന്ന് ഉപയോഗിക്കണമെന്ന് ഓര്‍മിപ്പിച്ച് ആഗസ്റ്റ് 30നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. പരാതികള്‍ക്കും നിവേദനങ്ങള്‍ക്കുമുള്ള മറുപടികളിലും ഔദ്യോഗിക കത്തിടപാടുകളിലും 'ബഹു' ചേര്‍ക്കണമെന്നാണ് നിര്‍ദേശം.
‘പൊതുജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രിമാര്‍ എന്നിവര്‍ക്ക് നല്‍കുന്ന നിവേദനങ്ങള്‍/പരാതികള്‍ എന്നിവ പരിശോധനാ വിധേയമാക്കിയശേഷം ബന്ധപ്പെട്ട ഓഫിസുകളില്‍നിന്ന് നടപടികള്‍ സ്വീകരിച്ചതിന്റെ ഭാഗമായി നിവേദകര്‍ക്കും അപേക്ഷകര്‍ക്കും നല്‍കുന്ന മറുപടി സംബന്ധമായ കത്തിടപാടുകളില്‍ ബഹുമാന സൂചകമായി ബഹു. മുഖ്യമന്ത്രി, ബഹു. മന്ത്രി എന്ന് രേഖപ്പെടുത്തേണ്ടതാണ്’ -സര്‍ക്കുലറില്‍ പറയുന്നു.
ഔദ്യോഗിക യോഗങ്ങളില്‍ ഇത്തരം വിശേഷണങ്ങള്‍ പതിവായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, ചില കത്തിടപാടുകളില്‍ അത് പാലിക്കപ്പെടാത്ത പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

