എസ്.ഐ.ആർ: നിയമനടപടിക്ക് ഉപദേശം തേടും -ടി.പി. രാമകൃഷ്ണൻ
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതിനാൽ കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കരുതെന്നും ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കാൻ ഉപദേശം തേടുമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സുപ്രീംകോടതിയിലെ കേസ് പോലും തീരുംമുമ്പാണ് തെരഞ്ഞെടുപ്പ് കമീഷൻ നടപടികൾ ആരംഭിച്ചത്. ഇക്കാര്യത്തിൽ പുനഃപരിശോധന വേണം.
2002-04 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയുള്ള പരിഷ്കരണം അപ്രായോഗികമാണ്. അമ്പതു ലക്ഷം പെരെങ്കിലും പട്ടികയിൽനിന്ന് പുറത്തുപോയി വീണ്ടും നടപടിക്രമങ്ങളിലൂടെ തിരിച്ചുവരേണ്ടിവരും. മഹാരാഷ്ട്രയിൽ എസ്.ഐ.ആർ നിർത്തിവെച്ചു. ആ പരിഗണന കേരളത്തിനും വേണം. തെരഞ്ഞെടുപ്പ് കമീഷൻ ബി.ജെ.പിയുടെ ചട്ടുകമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള എൽ.ഡി.എഫിന്‍റെ ഒരുക്കം പൂർത്തിയായി. സർക്കാറിന്‍റെ ജനക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തുകയാണ്. നവംബർ 10നകം പ്രചാരണ ജാഥകളും പ്രകടനങ്ങളും പൊതുയോഗങ്ങളും പൂർത്തീകരിക്കും. ബാങ്ക് വയ്പയിൽ വീടുകൾ ജപ്തിചെയ്യുന്നതൊഴിവാക്കാൻ സർക്കാർ കൊണ്ടുവന്ന ഏകകിടപ്പാട സംരക്ഷണ നിയമമടക്കം പ്രചരിപ്പിക്കും. ഐക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പി.എം ശ്രീയിൽ മന്ത്രിസഭ നിയോഗിച്ച ഉപസമിതിയുടെ റിപ്പോർട്ടിനുശേഷം മാത്രമേ പ്രതികരിക്കാനുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

