മണ്ണഞ്ചേരി: കുരയിലൂടെ ജീവെൻറ വില തിരിച്ചുനൽകിയ 'കുട്ടപ്പനെ' തേടി ജോൺ എത്തി. ആലപ്പുഴയിൽ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെൻറിലെ താൽക്കാലിക ജീവനക്കാരനായ വൈക്കം ഇടയാഴം പരുത്തിപറമ്പിൽ ജോണിനാണ് 'കുട്ടപ്പെൻറ' കുരയിലൂടെ ജീവൻ തിരികെ കിട്ടിയത്.
നവംബർ 26നായിരുന്നു ജോൺ അപകടത്തിൽപെട്ടത്. ജോലി സ്ഥലത്തുനിന്ന് മടങ്ങിയ ജോണിെൻറ ബൈക്ക് നിയന്ത്രണം വിട്ട് കാവുങ്കൽ തെക്കേ കവലക്ക് തെക്കുവശം നാഥൻസ് ആർ.ഒ വാട്ടർ പ്ലാൻറിന് സമീപം കലുങ്കിൽ ഇടിച്ച് കുളത്തിലേക്ക് വീഴുകയും അർധബോധാവസ്ഥയിൽ ആകുകയുമായിരുന്നു. പുലർച്ച ആയതിനാൽ ആരും സംഭവം അറിഞ്ഞിരുന്നില്ല. സമീപം കിടന്നിരുന്ന, നാട്ടുകാർ 'കുട്ടപ്പൻ' എന്നുവിളിക്കുന്ന തെരുവുനായ് അപകടം കാണുകയും തുടർച്ചയായി കുരക്കുകയുമായിരുന്നു. പുലർച്ച നടക്കാനിറങ്ങിയ തേനാംപുറത്ത് അനീഷ്, മട്ടുമ്മേൽവെളി ശ്യാംകുമാർ എന്നിവർ ഇത് ശ്രദ്ധയിൽപെട്ട് കുളത്തിലിറങ്ങി ജോണിനെ രക്ഷപ്പെടുത്തുകയായിരുന്നു.
കോട്ടയത്തെ ചികിത്സക്കും ഫിസിയോതെറപ്പിക്കുംശേഷം പുറത്തിറങ്ങിയ ജോൺ കുടുംബ സുഹൃത്തുക്കളായ മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പി.എസ്. സിന്ധു, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനായ മോഹൻകുമാർ എന്നിവരോടൊപ്പമാണ് 'കുട്ടപ്പനെ' കാണാനെത്തിയത്.
'കുട്ടപ്പൻ' ഓടിവന്ന് ചാടിക്കയറുകയും സ്നേഹപ്രകടനം കാണിച്ചതും കൂടിയവരിൽ കൗതുകവും ആശ്ചര്യവും പടർത്തി.