മന്ത്രിസഭക്ക് ഉത്തരവാദിത്തം നിയമസഭയോട് -ടി. ആസഫലി
text_fieldsഒരു സംസ്ഥാനത്തെ മന്ത്രിസഭക്ക് ബന്ധപ്പെട്ട നിയമസഭയോടാണ് ഉത്തരവാദിത്തമെന്നിരിക്കെ ഗവർണർക്ക് മന്ത്രിയെ പുറത്താക്കാനുള്ള അധികാരം ഭരണഘടനാപരമായി നിലനിൽക്കുന്നില്ലെന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ഹൈകോടതി അഭിഭാഷകനുമായ ടി. ആസഫലി. കേന്ദ്രഭരണ പ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവർണർമാർക്ക് അവിടുത്തെ ഭരണകർത്താക്കളെന്ന നിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ ഭരണഘടനയുടെ 239ാം അനുച്ഛേദം അധികാരം നൽകുന്നുണ്ട്. എന്നാൽ, കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ഗവർണർമാർക്ക് ഇത്തരമൊരു അധികാരമില്ല. മുഖ്യമന്ത്രിയെ ഗവർണർമാരാണ് നിയമിക്കുന്നതെങ്കിലും മറ്റ് മന്ത്രിമാരെ മുഖ്യമന്ത്രിയാണ് നിയമിക്കുന്നത്.
'ഗവർണർക്ക് ഇഷ്ടമുള്ളിടത്തോളം കാലം' (പ്ലഷർ ക്ലോസ്) മന്ത്രിമാർക്ക് തുടരാമെന്ന ഭരണഘടന അനുച്ഛേദം 164 (ഒന്ന്) ൽ പറയുന്നു. എന്നാൽ, 164 (രണ്ട്)ൽ സംസ്ഥാനത്തെ മന്ത്രിസഭക്ക് നിയമസഭയോടാണ് ഉത്തരവാദിത്തമെന്ന് പറയുന്നിടത്ത് ഈ അധികാരത്തിന് പരിമിതി നിശ്ചയിക്കപ്പെടുകയാണ്. മന്ത്രിസഭയിൽനിന്ന് മന്ത്രിമാരെ നീക്കാൻ ഗവർണർക്ക് ഭരണഘടന അധികാരം നൽകുന്നില്ല എന്നാണ് ഇതിന്റെ വ്യാഖ്യാനം.
ഗവർണർക്ക് മന്ത്രിസഭയുടേതിൽനിന്ന് വ്യത്യസ്തമായി പ്രവർത്തിക്കാനുള്ള അധികാരമില്ലെന്നിരിക്കെ ഗവർണർക്ക് ഇഷ്ടമുള്ളിടത്തോളം മന്ത്രിക്ക് തുടരാമെന്ന രീതിയിൽ വ്യാഖ്യാനിക്കാനാവില്ല. സേനാ മേധാവികളുടെയും സിവിൽ സർവിസ് ഉദ്യോഗസ്ഥരുടെയും കാലാവധി സംബന്ധിച്ചും പ്ലഷർ ക്ലോസ് ബാധകമാണെങ്കിലും ക്ലോസ് രണ്ട് പ്രകാരം അവരുടെ കാര്യത്തിൽ പോലും നോട്ടീസ് നൽകി മറുപടി കേട്ട് മാത്രമേ നടപടി സാധ്യമാകൂ. അതിനാൽ, ഗവർണറുടെ വാദത്തിൽ പ്രസക്തിയില്ല. ഗവർണറും മന്ത്രിമാരും തമ്മിൽ തൊഴിലുടമ-തൊഴിലാളി ബന്ധം നിലനിൽക്കുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

