‘കേരള’യിൽ ഇരട്ട രജിസ്ട്രാർ; സിൻഡിക്കേറ്റ്-വി.സി ഏറ്റുമുട്ടൽ തുടരുന്നു
text_fieldsതിരുവനന്തപുരം: രജിസ്ട്രാറുടെ സസ്പെൻഷൻ കേസ് ഹൈകോടതിയിൽ തീർപ്പായെങ്കിലും വൈസ്ചാൻസലർ-സിൻഡിക്കേറ്റ് ഏറ്റുമുട്ടലിൽ കേരള സർവകലാശാല കടുത്ത പ്രതിസന്ധിയിൽ. സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കിയ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ പദവിയിൽ തിരികെ കയറിയതിന് പിന്നാലെ പുതിയ രജിസ്ട്രാറെ നിയമിച്ച് വൈസ്ചാൻസലർ ഡോ. സിസ തോമസ്. സിൻഡിക്കേറ്റ് നടപടി നിയമപരമല്ലെന്ന് കാണിച്ച് പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് വിഭാഗം ഡയറക്ടർ മിനി ഡിജോ കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകിയാണ് വി.സി ഉത്തരവിറക്കിയത്. ഇതോടെ സർവകലാശാലയുടെ രജിസ്ട്രാർ പദവിയിൽ രണ്ടുപേരായി.
രജിസ്ട്രാർ പദവിയിൽനിന്ന് സസ്പെൻഡ് ചെയ്തതിനെതിരെ ഡോ. കെ.എസ്. അനിൽകുമാർ നൽകിയ ഹരജി ഹൈകോടതിയിൽനിന്ന് പിൻവലിച്ചതോടെ രജിസ്ട്രാർ തർക്കം ഇനി ചാൻസലറായ ഗവർണറുടെ കോർട്ടിലേക്ക് നീങ്ങും. അതേസമയം, ഞായറാഴ്ച നടന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗത്തിലുണ്ടായ സംഭവങ്ങൾ സംബന്ധിച്ച് വി.സി സിസ തോമസ് ഗവർണറുടെ നിർദേശ പ്രകാരം റിപ്പോർട്ട് സമർപ്പിച്ചു.
യോഗം പിരിച്ചുവിട്ട ശേഷമുള്ള നടപടികൾക്ക് നിയമപ്രാബല്യമില്ലെന്നും അതിനാൽ സസ്പെൻഷൻ റദ്ദാക്കിയിട്ടില്ലെന്നുമാണ് വി.സിയുടെ റിപ്പോർട്ട്. വി.സി യോഗം പിരിച്ചുവിട്ട ശേഷവും യോഗത്തിൽ തുടർന്ന രജിസ്ട്രാറുടെ ചുമതലയുണ്ടായിരുന്ന ഭരണവിഭാഗം ജോയന്റ് രജിസ്ട്രാർ പി. ഹരികുമാറിന്റെ നടപടിയും വി.സിയുടെ റിപ്പോർട്ടിലുണ്ട്. ഇതുസംബന്ധിച്ച് വി.സി ജോയന്റ് രജിസ്ട്രാറോട് റിപ്പോർട്ട് തേടിയിരുന്നു.
എന്നാൽ മറുപടി നൽകാതെ ഹരികുമാർ രണ്ട് ദിവസത്തേക്ക് അവധിയിൽ പോയി. പിന്നാലെ ഹരികുമാറിനെ ഭരണവിഭാഗം ജോയന്റ് രജിസ്ട്രാർ പദവിയിൽ നിന്ന് വി.സി നീക്കുകയും പകരം അക്കാദമിക് വിഭാഗം ജോയന്റ് രജിസ്ട്രാർ ഹേമ ആനന്ദിനെ ഭരണവിഭാഗം ജോയന്റ് രജിസ്ട്രാറായി നിയമിക്കുകയും ചെയ്തു. മിനി ഡിജോ കാപ്പന്റെയും ഹേമ ആനന്ദിന്റെയും പുതിയ നിയമനം സംബന്ധിച്ച് വി.സി ഫയലിൽ ഉത്തരവിട്ടെങ്കിലും, നടപടി നിയമപരമല്ലെന്ന കാരണത്താൽ ഇതുസംബന്ധിച്ച ഉത്തരവുകൾ പുറത്തിറക്കാൻ ഉദ്യോഗസ്ഥർ തയാറായിട്ടില്ല.
ഡോ. കെ.എസ് അനിൽകുമാർ ഇന്നലെ രാവിലെ തന്നെ രജിസ്ട്രാറുടെ ഓഫിസിലെത്തി ചുമതലകൾ നിർവഹിച്ചു. എന്നാൽ, വി.സി രജിസ്ട്രാറുടെ ചുമതല നൽകിയ മിനി ഡിജോ കാപ്പൻ ചുമതലയേൽക്കാൻ തയാറായിട്ടില്ല. വി.സി ഡോ. മോഹൻ കുന്നുമ്മൽ വിദേശത്ത് പോയതിനാൽ ഇന്ന് വരെയാണ് ഡിജിറ്റൽ സർവകലാശാല വി.സിയായ ഡോ. സിസ തോമസിന് കേരള സർവകലാശാല വി.സിയുടെ അധിക ചുമതല നൽകിയത്.
ഇടപെടാതെ ഹൈകോടതി
കൊച്ചി: കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് നടപടിയിൽ ഇടപെടാതെ ഹൈകോടതി. അതേസമയം, വൈസ് ചാൻസലറുടെ സസ്പെഷൻ ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജി രജിസ്ട്രാർ പിൻവലിച്ചു. വി.സിയുടെ സസ്പെൻഷൻ ഉത്തരവ് സിൻഡിക്കേറ്റ് റദ്ദാക്കിയതിനാൽ ഹരജി പിൻവലിക്കാൻ അനുവദിക്കണമെന്ന ആവശ്യം ജസ്റ്റിസ് ഡി.കെ. സിങ് അനുവദിക്കുകയായിരുന്നു. ഹരജി പിൻവലിക്കുന്നതിൽ വിസിയുടെ ചുമതല വഹിക്കുന്ന ഡോ. സിസ തോമസ് എതിർപ്പ് അറിയിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
അതേസമയം, രജിസ്ട്രാറുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട കോടതി ഉത്തരവിന് പിന്നാലെ കേരള സർവകലാശാല സിൻഡിക്കേറ്റംഗവും മുൻ എം.എൽ.എയുമായ ആർ. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഹൈകോടതി തീരുമാനിച്ചു. ഫേസ്ബുക്ക് പോസ്റ്റിനെ കോടതി രൂക്ഷമായി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

