സംസ്കൃത സർവകലാശാലയിൽ തോറ്റ വിദ്യാർഥിയെ ജയിപ്പിക്കാൻ സിൻഡിക്കേറ്റ് നീക്കം; തടഞ്ഞ് ഗവർണർ
text_fieldsതിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിൽ ബിരുദം തോറ്റ വിദ്യാർഥിക്ക് പി.ജിക്ക് പ്രവേശനം നൽകിയശേഷം ബിരുദം ജയിച്ചതായി പ്രഖ്യാപിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടഞ്ഞുവെക്കാൻ ഗവർണറുടെ ഉത്തരവ്.
ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ) പരീക്ഷയിൽ തോറ്റ വിദ്യാർഥിക്ക് എം.എഫ്.എ കോഴ്സിൽ പ്രവേശനം നൽകുകയും, പിന്നീട് ബിരുദം ജയിച്ചതായി പ്രഖ്യാപിക്കാനും നീക്കം നടക്കുന്നുവെന്ന് കാണിച്ച് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി.
ഇതുസംബന്ധിച്ച് വി.സിയും പരീക്ഷാ കൺട്രോളറും വിശദീകരണം നൽകണമെന്നും ബന്ധപ്പെട്ട മുഴുവൻ ഫയലുകളും ഹാജരാക്കണമെന്നും ഗവർണർ നിർദേശം നൽകി. നാല് വർഷ ബി.എഫ്.എ (മ്യൂറൽ പെയിന്‍റിങ്) പരീക്ഷയിൽ തോറ്റതിനെ തുടർന്ന് 2005ൽ പഠനം ഉപേക്ഷിച്ച എ. കലേഷ് എന്ന എസ്.എഫ്.ഐ പ്രവർത്തകന് പരീക്ഷ പാസാകാതെ എം.എഫ്.എക്ക് പ്രവേശനം നൽകിയെന്ന് പരാതിയിൽ പറയുന്നു.
ഈ വിദ്യാർഥി 2023ൽ എം.എഫ്.എ പാസായതുകൊണ്ട് പ്രത്യേക കേസായി പരിഗണിച്ച് ബി.എഫ്.എ ജയിപ്പിക്കാൻ താൽക്കാലിക വൈസ്ചാൻസലർ ഡോ. കെ.കെ.ഗീതാകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചെന്നും പരാതിയിലുണ്ട്.
ബിരുദ പരീക്ഷ പാസാകാത്തതിനാൽ സർവകലാശാല പരീക്ഷ വിഭാഗം വിദ്യാർഥിയുടെ എം.എഫ്.എ ഫലം രണ്ട് വർഷമായി പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചിരുന്നു.
ഇതേതുടർന്ന് സിൻഡിക്കേറ്റ് യോഗം ചേർന്ന് വിദ്യാർഥിയെ ബി.എഫ്.എ പരീക്ഷ ജയിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. വരാഷ്ട്രീയ സ്വാധീനത്തിന്റെ മറവിലാണ് പ്രവേശനം നൽകിയതെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

