സിൻഡിക്കേറ്റ് യോഗം: വി.സിമാർക്ക് നിയന്ത്രണം; കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ സിൻഡിക്കേറ്റ് യോഗം ചേരുന്നതിൽ വൈസ് ചാൻസലർമാർക്കുള്ള അധികാരം നിയന്ത്രിക്കാൻ സർവകലാശാല നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരുന്നു. ഇതിനായി 15 സർവകലാശാലകളുടെയും നിയമങ്ങളിൽ ഭേദഗതി നിർദേശിക്കുന്ന കരട് ബില്ലിന് മന്ത്രിസഭ യോഗം അംഗീകാരം നൽകി.
മൂന്നിലൊന്ന് അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാൽ വൈസ് ചാൻസലർ ഏഴ് ദിവസത്തിനകം സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർക്കണമെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു. രണ്ട് മാസത്തിലൊരിക്കൽ നിർബന്ധമായി സിൻഡിക്കേറ്റ് യോഗം ചേരണമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തി.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ വരാത്ത ആരോഗ്യ, കാർഷിക, ഫിഷറീസ്, വെറ്ററിനറി ഉൾപ്പെടെയുള്ള സർവകലാശാലകളുടെ സിൻഡിക്കേറ്റ്/ഗവേണിങ് കൗൺസിലുകൾക്കും ഇത് ബാധകമാക്കുന്ന രീതിയിലാണ് ഭേദഗതി. കേരള സർവകലാശാലയിൽ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷനിൽ സിൻഡിക്കേറ്റ് യോഗം വിളിച്ച് തീരുമാനമെടുക്കാൻ ഹൈകോടതി നിർദേശം നൽകിയിരുന്നെങ്കിലും വി.സി യോഗം വൈകിപ്പിക്കുന്നതിനിടെയാണ് സർക്കാർ ബില്ല് കൊണ്ടുവരുന്നത്.
നിലവിൽ സർവകലാശാല നിയമങ്ങളിൽ സിൻഡിക്കേറ്റ് യോഗം ചേരുന്നതിന് സമയ വ്യവസ്ഥ നിർദേശിച്ചിട്ടില്ല. രണ്ടുമാസത്തിലൊരിക്കൽ യോഗം ചേരാൻ സർവകലാശാല ചട്ടങ്ങളിൽ (സ്റ്റാറ്റ്യൂട്ട്) മാത്രമാണ് വ്യവസ്ഥയുള്ളത്. സ്റ്റാറ്റ്യൂട്ട് വ്യവസ്ഥ പ്രകാരം രണ്ടുമാസം വരെ യോഗം നീട്ടിക്കൊണ്ടുപോകാൻ വി.സിക്ക് കഴിയും. സിൻഡിക്കേറ്റ് ചേരുന്നതിനുള്ള തീയതിയും സമയവും നിശ്ചയിക്കാനുള്ള അധികാരവും വി.സിക്കാണ്. ഇത് നിയന്ത്രിക്കാൻ ലക്ഷ്യമിടുന്നതാണ് പുതിയ ബിൽ.
കേരള സർവകലാശാലയിൽ ഹൈകോടതി ഉത്തരവിന്റെ പഞ്ചാത്തലത്തിൽ അടിയന്തര സിൻഡിക്കേറ്റ് വിളിക്കണമെന്നാവശ്യപ്പെട്ട് 16 അംഗങ്ങൾ ഒപ്പിട്ട കത്ത് സെപ്റ്റംബർ 11ന് വി.സിക്ക് നൽകിയിരുന്നു. എന്നിട്ടും യോഗം വിളിക്കാൻ വി.സി തയാറാകാതിരുന്നതോടെയാണ് സമയപരിധി നിശ്ചയിക്കുന്ന വ്യവസ്ഥ സർവകലാശാല നിയമത്തിൽ തന്നെ ഉൾപ്പെടുത്തുന്ന നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. ബിൽ നിയമസഭ പാസാക്കിയാലും ഗവർണർ ഒപ്പുവെച്ചാൽ മാത്രമേ ഭേദഗതി നിലവിൽ വരൂ. നിലവിലെ സാഹചര്യത്തിൽ ഗവർണർ ബില്ലിൽ ഒപ്പിടാൻ സാധ്യത കുറവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

