സിനഗോഗിന് മുന്നിലെ തീവെപ്പ്: ഡിജിറ്റൽ തെളിവുകൾ നിർണായകം
text_fieldsകൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുംഭാഗം സിനഗോഗിന് മുന്നിൽ പെട്രോൾ ഒഴിച്ച് തീവെച്ച സംഭവത്തിൽ പ്രതി പുത്തൻകുരിശ് സ്വദേശി എബിൻ പോളിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. വ്യാഴാഴ്ച അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതിയിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാൾക്ക് രാജ്യാന്തര തീവ്രവാദ ഗ്രൂപ്പുകളുമായും ലഹരി സംഘങ്ങളുമായും ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടതിനെത്തുടർന്ന് ഐ.ബി, എൻ.ഐ.എ തുടങ്ങിയ കേന്ദ്ര ഏജൻസികളും വിവരങ്ങൾ ശേഖരിക്കുന്നു.
‘ബോസ്’ എന്ന് പ്രതി വിശേഷിപ്പിക്കുന്നയാളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. സിനഗോഗ് തീവെപ്പടക്കം എബിൻ നടത്തിയ ആക്രമണങ്ങളിൽ ‘ബോസി’ന്റെ കൃത്യമായ നിർദേശങ്ങൾ ലഭിച്ചെന്നാണ് നിഗമനം. എന്നാൽ ‘ബോസി’നെ അറിയില്ലെന്നാണ് എബിൻ പൊലീസിനോട് പറഞ്ഞത്. സിനഗോഗിന് മുന്നിലെ തീവെപ്പിന് 10 ലക്ഷം രൂപയാണ് പ്രതിഫലമെന്നാണ് ഇയാളുടെ ഫോണിൽനിന്ന് ലഭിച്ച ചാറ്റുകൾ സൂചിപ്പിക്കുന്നത്.
ഇതിൽ രണ്ടുലക്ഷം മുൻകൂർ കൈപ്പറ്റി. ക്രിപ്റ്റോ കറൻസി വഴിയായിരുന്നു ഇടപാട്. ഈ പണം നൽകിയതാര്, മറ്റെന്തെങ്കിലും ദൗത്യം എബിനെ ഏൽപ്പിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനകം ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. കേസിൽ യു.എ.പി.എ ചുമത്താനും ആലോചനയുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

