Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിനഗോഗിന് മുന്നിലെ തീവെപ്പ്: പ്രതി എബിൻ പോൾ ഡാർക് വെബിൽ സജീവം; അന്വേഷണം രാജ്യാന്തര ലഹരി സംഘങ്ങളിലേക്കും

text_fields
bookmark_border
സിനഗോഗിന് മുന്നിലെ തീവെപ്പ്: പ്രതി എബിൻ പോൾ ഡാർക് വെബിൽ സജീവം; അന്വേഷണം രാജ്യാന്തര ലഹരി സംഘങ്ങളിലേക്കും
cancel
camera_alt

എ​റ​ണാ​കു​ളം മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മു​ള്ള ക​ട​വും​ഭാ​ഗം ജൂ​ത​പ്പ​ള്ളി ക​വാ​ട​ത്തി​നു സ​മീ​പം തീ​യി​ട്ട കേ​സി​ലെ പ്ര​തി എ​ബി​ൻ പോ​ൾ ജി​ല്ല കോ​ട​തി​യി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്ക് വ​രു​ന്നു

കൊച്ചി: എറണാകുളം മാർക്കറ്റിലെ കടവുംഭാഗം സിനഗോഗിന് മുന്നിലെ ബ്ലോസം നഴ്സറിയിൽ പെട്രോളൊഴിച്ച് തീവെച്ച സംഭവത്തിൽ അന്വേഷണം രാജ്യാന്തര ലഹരി സംഘങ്ങളിലേക്കും. വിദേശ രാജ്യങ്ങളിൽ നിന്നുള്ള മാരക ലഹരികൾ പ്രതി പുത്തൻകുരിശ് സ്വദേശി എബിൻ പോൾ താമസിച്ചിരുന്ന വാടകവീട്ടിൽനിന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സംഭവവുമായി രാജ്യാന്തര ലഹരി സംഘങ്ങൾക്ക് ബന്ധമുണ്ടോ എന്ന് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതിനിടെ, പ്രതി ഡാർക് വെബിൽ സജീവമായിരുന്നു എന്നതിന്‍റെ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

വിദേശ രാജ്യങ്ങളിൽ മാത്രം ലഭിക്കുന്ന ഫെന്റനൈൽ ഉൾപ്പെടെ ലഹരി വസ്തുക്കളുടെ ശേഖരമാണ് എബിന്‍റെ താമസ സ്ഥലത്ത് കണ്ടെത്തിയത്. ഇതോടൊപ്പം ഹെറോയിൻ, കെറ്റാമിൻ എന്നിവയടക്കം എട്ടിനത്തിൽപെട്ട 105 ഗ്രാമിലധികം മാരക ലഹരി പദാർഥങ്ങൾ ഇവിടെനിന്ന് പിടികൂടിയിരുന്നു. ഇവ ഡാർക് വെബിൽനിന്നാണ് വാങ്ങിയതെന്നും രാജ്യാന്തര ലഹരി സംഘങ്ങളുമായുള്ള ബന്ധമാണ് ഇയാളെ ആക്രമണങ്ങളിലേക്ക് നയിച്ചതെന്നുമാണ് കരുതുന്നത്. ‘ബോസ്’ എന്ന് പ്രതി വിശേഷിപ്പിക്കുന്ന ആളുടെ നിർദേശപ്രകാരമാണ് സിനഗോഗിന് സമീപം തീവെപ്പ് നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്.

പാകിസ്താൻ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ‘ബോസി’ന്‍റെ പേരിൽ സേവ് ചെയ്ത നമ്പറിലേക്കാണ് പ്രതി സിനഗോഗിന് സമീപം തീയിട്ട ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി അയച്ചുകൊടുത്തത്. ഇതിന് ക്രിപ്റ്റോ കറൻസി വഴി എബിന് പണം ലഭിച്ചതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ടെലിഗ്രാം വഴി എബിൻ നിരന്തരം ബന്ധപ്പെട്ടിരുന്ന ‘ബോസ്’ ആരാണെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കി. കുറച്ചുകാലം കാനഡയിലുണ്ടായിരുന്ന എബിൻ അക്കാലത്താണ് തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്തതെന്നും സംശയിക്കുന്നു.

കഴിഞ്ഞ മാർച്ചിൽ മൂവാറ്റുപുഴ മേക്കടമ്പിലെ യൂസ്ഡ് കാർ ഷോറൂമിലും സമീപത്തെ ബേക്കറിയിൽ നടത്തിയ തീവെപ്പിന് പിന്നിലും എബിനാണെന്ന് കണ്ടെത്തിയിരുന്നു. ഈ സംഭവത്തിന് രണ്ടു മാസം മുമ്പ് മേക്കടമ്പ് അമ്പലപ്പടി വിനോദ് ഭാസ്കരന്റെ ആളൊഴിഞ്ഞ വീട്ടിൽ രണ്ടു തവണ തീവെപ്പ് നടത്തിയതും ഇയാളാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

പ്രതി അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം മാർക്കറ്റ് റോഡ് കടവുംഭാഗത്തെ ജൂത സിനഗോഗിന് മുന്നിൽ തീയിട്ട കേസിലെ പ്രതി എബിൻ പോളിനെ കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പ്രതിയുടെ സാമ്പത്തിക ഇടപാടുകളെയും മറ്റു സമാന സംഭവങ്ങളിൽ പങ്കുണ്ടോയെന്നതിനെയും കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്ന പൊലീസിന്‍റെ ആവശ്യം അനുവദിച്ചാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്. അതേസമയം, മാനസിക പ്രശ്നത്തിന് മരുന്ന് കഴിക്കുന്ന ആളാണ് എബിനെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. കസ്റ്റഡിയിൽ കഴിയുമ്പോൾ പ്രതിക്ക് ആവശ്യമായ മരുന്നുകൾ ഉറപ്പാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഇതേ തുടർന്ന് പ്രതി കസ്റ്റഡിയിൽ കഴിയുന്ന സമയത്ത് മെഡിക്കൽ പരിശോധന നടത്തി ആവശ്യമായ മരുന്നും ചികിത്സയും ഉറപ്പാക്കണമെന്ന് കോടതി പൊലീസിന് നിർദേശം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Synagogue arson accused active on dark web
Next Story