സ്വരാജ് ട്രോഫി: തിരുവനന്തപുരം മികച്ച കോർപറേഷൻ, ജില്ല പഞ്ചായത്ത് കൊല്ലം
text_fieldsതിരുവനന്തപുരം: സംസ്ഥാനതലത്തിലും ജില്ലതലത്തിലും മികച്ച ഭരണവും വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തുന്ന തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച കോർപറേഷനുള്ള പുരസ്ക്കാരം വീണ്ടും തിരുവനന്തപുരത്തിന് ലഭിച്ചു. മികച്ച ജില്ല പഞ്ചായത്തിനുള്ള പുരസ്കാരം കൊല്ലത്തിനും മുനിസിപ്പാലിറ്റിക്കുള്ള പുരസ്കാരം ഗുരുവായൂരിനുമാണ്. മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാനതല പുരസ്കാരം തിരുവനന്തപുരം ജില്ലയിലെ ഉഴമലക്കലിനും ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്കാരം തിരുവനന്തപുരത്തെ നേമത്തിനുമാണ്.
സംസ്ഥാന തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന ഗ്രാമ പഞ്ചായത്തുകള്‍ക്ക് യഥാക്രമം 50 ലക്ഷം, 40 ലക്ഷം, 30 ലക്ഷം രൂപയുമാണ് നല്‍കുന്നത്. ഒന്നാം സ്ഥാനം നേടുന്ന ബ്ലോക്ക് പഞ്ചായത്തിന് 40 ലക്ഷമാണ് ലഭിക്കുക. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ജില്ല പഞ്ചായത്തുകള്‍ക്ക് യഥാക്രമം 50 ലക്ഷം, 40 ലക്ഷം എന്നിങ്ങനെ ലഭിക്കും. മുന്‍സിപ്പാലിറ്റികള്‍ക്ക് 50 ലക്ഷം, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെ ലഭിക്കും. ഒന്നാം സ്ഥാനം നേടുന്ന കോര്പറേഷന് 50 ലക്ഷം ലഭിക്കും. ജില്ലതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് യഥാക്രമം 20 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ അവാര്‍ഡ് തുക ലഭിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനതല അവാർഡുകൾ
മികച്ച ഗ്രാമപഞ്ചായത്ത്: ഒന്നാം സ്ഥാനം -ഉഴമലക്കൽ (തിരുവനന്തപുരം), രണ്ടാം സ്ഥാനം -എളവള്ളി (തൃശൂർ). മികച്ച ബ്ലോക്ക് പഞ്ചായത്ത്: ഒന്നാം സ്ഥാനം -നേമം (തിരുവനന്തപുരം), രണ്ടാം സ്ഥാനം- കൊടകര (തൃശൂർ). ജില്ല പഞ്ചായത്ത്: ഒന്നാം സ്ഥാനം -കൊല്ലം, രണ്ടാം സ്ഥാനം -കണ്ണൂർ.
മുനിസിപ്പാലിറ്റി: ഒന്നാം സ്ഥാനം -ഗുരുവായൂർ, രണ്ടാം സ്ഥാനം -മട്ടന്നൂർ. കോർപറേഷൻ: ഒന്നാം സ്ഥാനം -തിരുവനന്തപുരം.
ജില്ലതല അവാർഡുകൾ
മികച്ച ഗ്രാമപഞ്ചായത്ത്: ജില്ല, ഒന്ന്, രണ്ട് സ്ഥാനങ്ങളിലെത്തിയവ എന്ന ക്രമത്തിൽ
തിരുവനന്തപുരം: മംഗലപുരം, പുല്ലമ്പാറ. കൊല്ലം: ശാസ്താംകോട്ട, കുന്നത്തൂർ. പത്തനംതിട്ട: അരുവാപ്പുലം, പന്തളം തെക്കേക്കര. ആലപ്പുഴ: കാർത്തികപ്പള്ളി, വീയപുരം. ഇടുക്കി: ഇരട്ടയാർ, ചക്കുപള്ളം. കോട്ടയം: വെളിയന്നൂർ, തിരുവാർപ്പ്. എറണാകുളം: മാറാടി, പാലക്കുഴ. തൃശൂർ: മുരിയാട്, നെൻമണിക്കര. പാലക്കാട്: വെള്ളിനേഴി, കൊടുവായൂർ. മലപ്പുറം: മാറഞ്ചേരി, എടപ്പാൾ. കോഴിക്കോട്: പെരുമണ്ണ, മരുതോങ്കര. വയനാട്: മീനങ്ങാടി, അമ്പലവയൽ. കണ്ണൂർ: കതിരൂർ, കരിവള്ളൂർ പെരളം. കാസർകോട്: തൃക്കരിപ്പൂർ, മടിക്കൈ.
സ്വരാജ് മാധ്യമ പുരസ്കാരങ്ങൾ
തിരുവനന്തപുരം: തദ്ദേശഭരണ മേഖലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച മാധ്യമപ്രവർത്തനത്തിനുള്ള സ്വരാജ് മാധ്യമ പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചു. മലയാളം അച്ചടിമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ: എം.വി. വസന്ത് (ദീപിക പാലക്കാട് ബ്യൂറോ ചീഫ്), പ്രത്യേക പരാമർശം: വിനോദ് പായം (ദേശാഭിമാനി, കണ്ണൂർ ബ്യൂറോ ചീഫ്), ഇംഗ്ലീഷ് മാധ്യമത്തിൽ മികച്ച റിപ്പോർട്ടർ: എസ്.ആർ. പ്രവീൺ (പ്രിൻസിപ്പൽ കറസ്പോണ്ടന്റ്, ദ ഹിന്ദു), മികച്ച ഫോട്ടോഗ്രാഫർ: ശരത് കൽപ്പാത്തി (ഫോട്ടോഗ്രാഫർ, ദേശാഭിമാനി പാലക്കാട്) എന്നിവർക്കാണ് പുരസ്കാരം.
ദൃശ്യമാധ്യമ വിഭാഗത്തിൽ മികച്ച റിപ്പോർട്ടർ (മലയാളം) രണ്ടുപേർ പങ്കിട്ടു: ഇ.വി. ഉണ്ണികൃഷ്ണൻ (അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ, മാതൃഭൂമി ന്യൂസ് തിരുവനന്തപുരം), ആർ. ശ്രീജിത്ത് (പൊളിറ്റിക്കൽ എഡിറ്റർ, 24 ന്യൂസ് തിരുവനന്തപുരം). മികച്ച റിപ്പോർട്ടർ (ഇംഗ്ലീഷ്)- രണ്ടു പേർക്ക്: കെ.ജി. ഷിബിമോൾ (പൊളിറ്റിക്കൽ എഡിറ്റർ, ഇന്ത്യ ടുഡെ സൗത്ത് ബ്യൂറോ), നീതു രഘുകുമാർ (സി.എൻ.എൻ- ന്യൂസ് 18 കേരള സ്റ്റേറ്റ് ഇൻ ചാർജ്, ടി.വി ജേണലിസ്റ്റ്) എന്നിവർക്കാണ് പുരസ്കാരം.
മികച്ച ന്യൂസ് വിഡിയോഗ്രാഫർ: ഷാജു ചന്തപ്പുര (സീനിയർ കാമറാമാൻ, മാതൃഭൂമി ന്യൂസ് കാസർകോട്), ഓൺലൈൻ വിഭാഗത്തിൽ മികച്ച വാർത്ത (മലയാളം /ഇംഗ്ലീഷ് ) എൻ.എസ്. അജ്മൽ (കണ്ടന്റ് റൈറ്റർ, മാതൃഭൂമി ഓൺലൈൻ തിരുവനന്തപുരം) എന്നിവരും പുരസ്കാരത്തിന് അർഹരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

