സ്വപ്നയുടെ പരാതി: വിജേഷ് പിള്ളയെ കർണാടക പൊലീസ് ചോദ്യം ചെയ്തേക്കും
text_fieldsബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ ആരോപണങ്ങൾ ഉന്നയിക്കരുതെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ പരാതിയിൽ കണ്ണൂർ സ്വദേശിയായ വിജേഷ് പിള്ളയെ ബംഗളൂരു കൃഷ്ണരാജപുര പൊലീസ് ചോദ്യം ചെയ്തേക്കും. ഇയാൾക്കെതിരെ നേരത്തേ കേസെടുത്തിരുന്നു.
ബംഗളൂരു വൈറ്റ്ഫീൽഡിലെ ‘സുരി’ ഹോട്ടലിൽ വിജേഷ് പിള്ളയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വധഭീഷണിയടക്കം ഉണ്ടായെന്ന് കർണാടക ഡി.ജി.പിക്കും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും (ഇ.ഡി) സ്വപ്ന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സ്വര്‍ണക്കടത്ത് കേസിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലാണ് മാർച്ച് ഒമ്പതിന് ഫേസ്ബുക്ക് ലൈവ് വിഡിയോയിലൂടെ സ്വപ്ന സുരേഷ് നടത്തിയത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങൾ നിർത്തണമെന്നും ഇതിന് 30 കോടി രൂപ നൽകാമെന്നും വാഗ്ദാനം ചെയ്ത് കണ്ണൂർ സ്വദേശിയായ വിജേഷ് പിള്ള എന്നയാൾ ഒത്തുതീർപ്പ് ചർച്ച നടത്തിയെന്നാണ് സ്വപ്ന പറഞ്ഞത്.