സ്വപ്നങ്ങളുടെ വഴിയേ ദീർഘസഞ്ചാരം
text_fieldsസുകുമാർ അഴീക്കോടിനൊപ്പം റാബിയ
‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’; ഇതാണ് കെ.വി. റാബിയയുടെ ആത്മകഥയുടെ പേര്. പ്രതിസന്ധികളിൽ തളരാതെ പോരാടിയ അക്ഷരപുത്രിയുടെ ജീവിതം അന്വർഥമാക്കുന്ന തലക്കെട്ട്. റാബിയയുടെ ജീവിതദർശനം അനാവരണം ചെയ്യുന്നതാണ് 272 പേജുള്ള ആത്മകഥയുടെ അവസാന അധ്യായം.
അവർ അതിൽ കുറിച്ചിട്ട വരികൾ ഇങ്ങനെ.. ‘ജീവിതം ഒരു യാത്രയാണ്; ലക്ഷ്യം തേടിയുള്ള യാത്ര. മനുഷ്യൻ മനസ്സിലൊരു സ്വപ്നം നെയ്ത് ആ സ്വപ്നം യാഥാർഥ്യമാക്കാനായി ശ്രമിക്കുകയും പോരാടുകയും ചെയ്യേണ്ട ഒരു യാത്ര. അസാധ്യമായി ഒന്നുമില്ലെന്ന നെപ്പോളിയന്റെ വാക്കുകൾ ഓർമ വരുന്നതിവിടെയാണ്.
ഓളങ്ങൾക്കനുസരിച്ച് ഒഴുകുന്ന പൊങ്ങുതടി പോലെ, മനസ്സിൽ നന്മയുടെ സ്വപ്നവും ലക്ഷ്യവും ഇല്ലാതെ കാലത്തിന്റെ അധാർമികമായ കുലംകുത്തിയൊഴുക്കിൽപ്പെട്ട് മനുഷ്യസഞ്ചയം ഒഴുകിനടക്കുന്നതാണ് നമ്മുടെ പ്രശ്നങ്ങൾക്ക് അറുതിവരാതിരിക്കാനുള്ള കാരണം. വ്യക്തിപരമായി ഓരോരുത്തരും അവനവന്റെ ഉത്തരവാദിത്തങ്ങൾ ലക്ഷ്യബോധത്തോടെ നിറവേറ്റിയാൽ മാത്രമേ വിജയപീഠത്തിലേറാനാകൂ.
നമ്മുടെ ആദ്യ പ്രധാനമന്ത്രി മഹാനായ പണ്ഡിറ്റ്ജി നമ്മെ ഉണർത്തി: ‘‘നമ്മുടെ രാഷ്ട്രം വളരെ വലുതാണ്. നാം ഓരോരുത്തരും ചെയ്തുതീർക്കേണ്ട നിരവധി കർത്തവ്യങ്ങളുണ്ട്. ഓരോരുത്തരും അവനവന്റെതായ ചെറിയ പങ്കുകൾ ചെയ്തുതീർക്കുമ്പോൾ അവയെല്ലാം ഒന്നിക്കുകയും രാഷ്ട്രം വളരെ വേഗം പുരോഗതിയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു’’. മൺമറഞ്ഞ മഹാനായ ശാസ്ത്രജ്ഞൻ എ.പി.ജെ. അബ്ദുൽ കലാം നമ്മോട് പറഞ്ഞു ‘‘ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, ഉറക്കം കെടുത്തുന്നതെന്തോ അതാണ് സ്വപ്ന’’മെന്ന്.
തളരാത്ത സ്വപ്നങ്ങൾക്കെന്നും തളിർക്കുന്ന ചിറകുകളുണ്ട്. ചിറകുകളുള്ള സ്വപ്നങ്ങൾ കൂടെയുണ്ടെങ്കിൽ, ലക്ഷ്യമെന്ന ഒരുത്തരമേ കർമപഥത്തിൽ തെളിയുകയുള്ളൂ. സ്നേഹത്തിന്റെ ഭാഷ സത്യമാണ്. ദൈവസ്നേഹത്തിന്റെ ഒരംശം മാത്രമാണ് നമ്മിലുള്ളതെന്ന യാഥാർഥ്യം മറക്കാതിരിക്കുക. മനസ്സുകളിൽ നന്മയുടെ മാമ്പൂക്കൾ വിരിയട്ടെ. അതിനായി നന്മയുടെ സ്വപ്നച്ചിറകിലേറി നമുക്ക് യാത്രചെയ്യാം...’ (‘സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’ എന്ന കെ.വി. റാബിയയുടെ ആത്മകഥയിൽനിന്ന്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

