സ്വപ്ന സുരേഷ് വാർത്താ സമ്മേളനത്തിനിടെ കുഴഞ്ഞു വീണു; 'എന്നെ വെറുതെ വിടണം, ഉപദ്രവിക്കരുത്'
text_fieldsവാർത്താ സമ്മേളനത്തിനിടെ കരയുന്ന സ്വപ്ന സുരേഷ്. പിന്നാലെ കുഴഞ്ഞു വീണു
പാലക്കാട്: ഷാജ് കിരണിന്റെ ഓഡിയോ ക്ലിപ്പിനെ കുറിച്ച് നടത്തിയ വാർത്താ സമ്മേളനത്തിനിടെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കുഴഞ്ഞു വീണു. പാലക്കാട് എച്ച്.ആർ.ഡി.എസ് ഓഫിസിൽ വൈകീട്ട് 6.40 ഓടെയാണ് സംഭവം.
ഓഫിസിൽ വന്ന് ഷാജ് കിരൺ അന്ന് പറഞ്ഞ ഭീഷണി മുഴുവൻ സത്യമായെന്ന് പറഞ്ഞ സ്വപ്ന സുരേഷ്, തന്നെ ഇനിയും ഉപദ്രവിക്കരുതെന്നും വെറുതെ വിടണമെന്നും പറഞ്ഞു. തുടർന്ന് വിതുമ്പിക്കരഞ്ഞ സ്വപ്ന സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സ്വപ്നയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
ഷാജ് കിരൺ പറഞ്ഞ കാര്യങ്ങളെല്ലാം അതുപോലെ സംഭവിക്കുന്നുവെന്ന് സ്വപ്ന പറഞ്ഞു. തെന്റ അഭിഭാഷകനെ പൊക്കുമെന്ന് ഷാജ് പറഞ്ഞിരുന്നു. അതുപോലെ സംഭവിച്ചു. എനിക്കിപ്പോൾ അഭിഭാഷകനില്ലാതായി. അദ്ദേഹത്തിനെതിരെ ഇന്ന് ഫേസ്ബുക് പോസ്റ്റിന്റെ പേരിൽ കേസ് എടുത്തു. എന്ത് ഫേസ്ബുക് പോസ്റ്റാണെന്ന് ഞാൻ കണ്ടിട്ടില്ല. സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരൺ പറഞ്ഞിരുന്നു, അതും നടന്നു. ഇത് പറഞ്ഞതിന് പിന്നാലെയാണു സ്വപ്ന വിറച്ച് കുഴഞ്ഞുവീണത്. സ്വപ്നക്ക് മുമ്പ് അപസ്മാരം ഉണ്ടായിരുന്നതായി ഷാജ് കിരൺ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ മതസ്പർധ വളർത്താൻ ശ്രമിച്ചതിന് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. കെ.എസ്.ആർ.ടി.സി ഡ്രൈവറെ വേഷത്തിന്റെ പേരിൽ മതപരമായി അധിക്ഷേപിച്ചുവെന്ന തൃശൂർ സ്വദേശിയും അഭിഭാഷകനുമായ വി.ആർ. അനൂപിന്റെ പരാതിയിലാണ് കേസെടുത്തത്.