തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മന്ത്രി കെ.ടി ജലീലിനെ വിളിച്ച ഫോൺ രേഖ പുറത്ത്. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം പുറത്തുവിട്ടത്.
മന്ത്രി കെ.ടി ജലീലിനെ സ്വപ്ന ജൂൺ മാസത്തിൽ പലതവണ വിളിച്ചു. ഒമ്പത് തവണ മന്ത്രിയുമായി സ്വപ്ന സംസാരിച്ചതായുള്ള ഫോൺ വിവരങ്ങളും പുറത്തായി. ജൂൺ ഒന്ന്, രണ്ട്, അഞ്ച്, എട്ട്, 16, 23, 24, 25, 26 എന്നീ തീയതികളിലാണ് സ്വപ്ന ജലീലിനെ വിളിച്ചത്. ജലീലിൻെറ പേഴ്സണൽ സ്റ്റാഫ് നാസറിനേയും സ്വപ്ന വിളിച്ചിട്ടുണ്ട്. ഇയാളുമായും പലവട്ടം സംസാരിച്ചു.

അതേസമയം, റമദാൻ കിറ്റ് വിതരണം ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കാൻ സ്വപ്ന വിളിച്ചുെവന്ന് കെ.ടി ജലീലും സമ്മതിച്ചിട്ടുണ്ട്. യു.എ.ഇ കോൺസൽ ജനറൽ ആവശ്യപ്പെട്ടത് പ്രകാരമാണ് സ്വപ്ന സുരേഷിനെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ പ്രതിയായ സരിത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ വിളിച്ച രേഖകളും പുറത്തായിട്ടുണ്ട്. ഏപ്രിൽ 20 മുതൽ ജൂൺ ഒന്നു വരെയുള്ള ഫോൺ ലിസ്റ്റ് ആണ് പുറത്തു വന്നത്. ഏപ്രിൽ 20ന് വൈകീട്ട് 3.55ന് വിളിച്ച കോൾ 106 സെക്കൻറ് നീണ്ടു നിന്നു. ശേഷം 4.35ന് വിളിച്ച കോൾ 26 സെക്കൻറും 4.35ന് വിളിച്ച കോൾ 30 സെക്കൻറും രാത്രി 8.33ന് വിളിച്ച് 89 സെക്കൻറും സംസാരിച്ചു.
തുടർന്ന് രാത്രി 11.30 വിളിച്ച കോൾ 755 സെക്കൻറ് നീണ്ടു നിന്നു. ജൂൺ ഒന്നു വരെ വിവിധ ദിവസങ്ങളിലായി നിരവധി തവണയാണ് ഇത്തരത്തിൽ കോളുകൾ വന്നത്.
യു.എ.ഇ കോൺസുലേറ്റിലെ അറ്റാഷേയെയും പ്രതികൾ നിരവധി തവണയാണ് വിളിച്ചത്.
LATEST VIDEO