'കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, പൊലീസും കോടതിയും ചെയ്യേണ്ട പണി രാഷ്ട്രീയ പാർട്ടിക്കാർ ഏറ്റെടുക്കരുത്'; സ്വാമി ചിദാനന്ദപുരി
text_fieldsകോഴിക്കോട്: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിനെ പരോക്ഷമായി വിമർശിച്ച് കൊളത്തൂർ അദ്വൈതാശ്രമം അധിപൻ സ്വാമി ചിദാനന്ദപുരി.
'നമുക്കിനി പൊലീസും കോടതിയും വേണ്ട. വോട്ടു പ്രതീക്ഷിക്കുന്ന രാഷ്ട്രീയപ്പാർട്ടി നേതാക്കന്മാർ തീരുമാനിക്കും ആര് കുറ്റവാളിയാണ് ആരല്ല എന്ന്'. എന്നാണ് കഴിഞ്ഞ ദിവസം സ്വാമി ചിദാനന്ദ പുരി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഈ പ്രസ്താവന ബി.ജെ.പിക്ക് എതിരെയാണ് എന്ന വ്യാഖ്യാനം വന്നതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തുകയും ചെയ്തു.
പൊലീസും അന്വേഷണ ഏജൻസികളും കോടതിയും ചെയ്യേണ്ട പണി രാഷ്ട്രീയപ്പാർട്ടിക്കാർ ഏറ്റെടുത്താൽ നാട്ടിൽ നിയമവാഴ്ച തകരും എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി.
തന്റെ വിമർശനം ബി.ജെ.പിയെ മാത്രം ലക്ഷ്യം വെച്ച് അല്ലെന്നും വോട്ടു ബാങ്ക് നോക്കിക്കൊണ്ട് സ്വയം വിധികർത്താക്കളാകുന്ന എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കന്മാരെ കുറിച്ചാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. കുറ്റാരോപിതർ മതം മാറ്റ പ്രവർത്തനം ചെയ്തിട്ടില്ല എന്നു പ്രഖ്യാപിച്ച ബി.ജെ. പി, സി.പി.എം കോൺഗ്രസ് നേതാക്കന്മാർ എല്ലാവരും അവരിൽ ഉൾപ്പെടുമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.
നിയമപരിപാലനമുള്ള നമ്മുടെ രാഷ്ട്രത്തിൽ നിയമം അതിന്റെ വഴിക്ക് നീങ്ങണമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്നതാണ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സംഘപ്രസ്ഥാനങ്ങളുടെ എതിർപ്പ് രൂക്ഷമായതോടെ കൂടുതൽ ഇടപെടാനില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. കേസ് കേസിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാടിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം എത്തിയിരിക്കുന്നത്. സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും ജയിൽ മോചിതരായതിനു പിന്നാലെ കള്ളക്കേസിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് വിവിധ ക്രൈസ്തവ സഭ നേതൃത്വങ്ങൾ ആവശ്യപ്പെട്ടിരുന്നു.
നിർബന്ധിത മതപരിവർത്തനം, അന്തർ സംസ്ഥാന മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി ജയിലിലടച്ചവർക്കായുള്ള ബി.ജെ.പി ഇടപെടലിനെതിരെ എതിർപ്പ് ശക്തമാക്കിയ ആർ.എസ്.എസും ഹിന്ദു ഐക്യവേദിയും പല നേതാക്കളെയും ‘കണ്ണുരുട്ടി’ മൗനികളാക്കുകയും ചെയ്തു. ഇതോടെയാണ് ബി.ജെ.പി പുതിയ നിലപാട് സ്വീകരിച്ചത്.
കന്യാസ്ത്രീകൾ കുറ്റം ചെയ്തോ, ഇല്ലയോ എന്നത് അന്വേഷണത്തിനൊടുവിൽ കോടതിയാണ് കണ്ടെത്തുകയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് വ്യക്തമാക്കി. പാർട്ടി കേസിന്റെ മെറിറ്റിലേക്ക് കടന്നിട്ടില്ല. കടക്കുകയുമില്ല. ജയിലിൽ നിന്ന് പുറത്തിറക്കുക എന്ന ഉത്തരവാദിത്വം മാത്രമാണ് പാർട്ടി ഏറ്റെടുത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

