സംശയകരമായി ഗൂഗിൾപേ ഇടപാട്: ജി.എസ്.ടി വാഹനത്തിൽ മിന്നൽ പരിശോധന
text_fieldsജി.എസ്.ടി വാഹനവും ഉദ്യോഗസ്ഥരെയും വിജിലൻസ് പരിശോധിക്കുന്നു
കാഞ്ഞങ്ങാട്: ജി.എസ്.ടി എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ വാഹനത്തിൽ വിജിലൻസ് മിന്നൽ പരിശോധന. ഉദ്യോഗസ്ഥരെ പരിശോധനക്ക് വിധേയരാക്കിയ വിജിലൻസ് ജി.എസ്.ടി ഉദ്യോഗസ്ഥൻ സംശയകരമായ ഗൂഗിൾപേ പണമിടപാട് നടത്തിയതായി കണ്ടെത്തി.
ചെറുവത്തൂരിന് സമീപം ദേശീയപാതയിൽ ചരക്കുവാഹനങ്ങൾ ഉൾപ്പെടെ പരിശോധന നടത്തുകയായിരുന്ന ജി.എസ്.ടി ഉദ്യോഗസ്ഥരെയാണ് വെള്ളിയാഴ്ച വൈകീട്ട് വിജിലൻസ് പരിശോധിച്ചത്. ഈസമയം ജി.എസ്.ടി വാഹനത്തിൽ മൂന്ന് ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്. ഇവരിൽ ഒരുദ്യോഗസ്ഥന്റെ ഗൂഗിൾ പേ പണമിടപാടാണ് സംശയകരമായ രീതിയിൽ കണ്ടെത്തിയത്.
കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജി.എസ്.ടി വിഭാഗത്തെയാണ് പരിശോധിച്ചത്. കൈക്കൂലി വാങ്ങുന്നതായി ജി.എസ്.ടി ഉദ്യോഗസ്ഥർക്കെതിരെ വ്യാപക പരാതി ഉയർന്നതിനെത്തുടർന്നാണ് പരിശോധന നടത്തിയത്. കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി വി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഉദ്യോഗസ്ഥനെതിരെ വകുപ്പുതലത്തിൽ വിജിലൻസ് റിപ്പോർട്ട് നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

