
പൊലീസ് പുറത്തുവിട്ട വിഡിയോയിൽ ദുരൂഹത; മത്സ്യവിൽപനക്കാരിയുടെ പരാതി വ്യാജമെന്ന് തെളിയിക്കാൻ ശ്രമം
text_fieldsതിരുവനന്തപുരം: കരമനയില് വഴിയോരത്ത് വില്പനക്ക് വെച്ച മത്സ്യം തട്ടിത്തെറിപ്പിച്ചെന്ന പരാതി വ്യാജമെന്ന് തെളിയിക്കാനുള്ള ശ്രമത്തിൽ പൊലീസ്. ദൃക്സാക്ഷിയെ ഉൾപ്പെടെ രംഗത്തിറക്കിയാണ് പൊലീസിെൻറ നീക്കം. എന്നാൽ, പൊലീസ് തന്നെയാണ് തെൻറ മത്സ്യവും പാത്രവും ചവിട്ടിത്തെറിപ്പിച്ചതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പരാതിക്കാരി. അതിനിടെ പരാതി ശ്രദ്ധയിൽപെട്ട തൊഴിൽമന്ത്രി വി. ശിവൻകുട്ടി വിഷയത്തിൽ ഇടപെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല തൊഴിൽ ഒാഫിസർക്ക് നിർദേശം നൽകി.
കഴിഞ്ഞദിവസം കരമന പാലത്തിന് സമീപമുള്ള ഫുട്പാത്തിൽ മത്സ്യം വിൽക്കുകയായിരുന്ന വലിയതുറ സ്വദേശിനി മരിയ പുഷ്പത്തിെൻറ മത്സ്യവും പാത്രവും പൊലീസുകാർ ചവിട്ടിത്തെറിപ്പിച്ചെന്നാണ് പരാതി. ഇതിനെതുടർന്ന് സ്ഥലത്ത് ശക്തമായ പ്രതിഷേധമുണ്ടായി. അതിന് പിന്നാലെയാണ് തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകളുമായി പൊലീസ് രംഗത്തെത്തിയത്.
മത്സ്യവിൽപനക്കാരിയാണ് പാത്രം തട്ടിയിട്ടതെന്ന വെളിപ്പെടുത്തലുമായി ദൃക്സാക്ഷി കരമന സ്വദേശി രംഗത്തെത്തി. പൊലീസുകാർ ജീപ്പിലിരുന്നാണ് അവരോട് സംസാരിച്ചതെന്നും അവർ പോയശേഷമാണ് പാത്രം തട്ടിയിട്ടതെന്നും ഇയാൾ പറയുന്നു.
ഇതിന് സഹായകമാകുന്ന സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പുറത്തുവിടുന്നുണ്ട്. പൊലീസ് ജീപ്പ് മത്സ്യത്തൊഴിലാളിക്ക് സമീപം നിർത്തി സംസാരിക്കുന്നത് ദൃശ്യത്തിൽ കാണാം. എന്നാൽ, പൊലീസ് വാഹനം പോകുന്നത് ദൃശ്യത്തിലില്ല. ഇത് ദുരൂഹത കൂട്ടുന്നു. ഇതുസംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ജീപ്പ് നിർത്തിയിരുന്ന സ്ഥലവും ഫുട്പാത്തും തമ്മിലെ അകലം ഉൾപ്പെടെ പരിശോധിക്കുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു.
അസി. കമീഷണർ ഉൾപ്പെടെ സ്ഥലം സന്ദർശിച്ചു. തൊഴിൽ വകുപ്പ് അധികൃതരും സ്ഥലത്തെത്തി. തൊഴിൽവകുപ്പിെൻറ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ കൈക്കൊള്ളുമെന്ന് വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. തനിക്കുനേരെ പൊലീസ് അതിക്രമം കാട്ടിയെന്ന ആക്ഷേപത്തിൽ പരാതിക്കാരി മരിയ പുഷ്പം ഉറച്ചുനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
