റവന്യൂ കമ്മി ഗ്രാന്‍റ് നിർത്തിയത് സംസ്ഥാനത്തിന് കനത്ത പ്രഹരം
text_fieldsതിരുവനന്തപുരം: കേരളത്തിനുള്ള നികുതി വിഹിതം 16 ാം ധനകമീഷൻ വർധിപ്പിച്ചിട്ടുണ്ടെങ്കിലും റവന്യൂ കമ്മി ഗ്രാന്‍റ് നിർത്തലാക്കിയത് സംസ്ഥാനത്തിന് കനത്ത തിരിച്ചടിയാകും. കഴിഞ്ഞ ധനകമീഷൻ റവന്യൂ കമ്മി ഗ്രാന്‍റ് ഇനത്തിൽ 37,814 കോടിയാണ് അനുവദിച്ചത്.
കേന്ദ്ര നികുതിവിഹിതം നൽകിയാലും, സംസ്ഥാനങ്ങൾക്ക് ദൈനംദിന ചെലവുകൾ നടത്താൻ സ്വന്തം വരുമാനം തികയാത്ത സാഹചര്യങ്ങളിൽ ഈ വിടവ് നികത്താനാണ് റവന്യൂ കമ്മി ഗ്രാന്‍റ് അനുവദിച്ചിരുന്നത്. എന്നാൽ, സംസ്ഥാനങ്ങൾ സാമ്പത്തികമായി അലസരാകാൻ റവന്യൂ കമ്മി ഗ്രാന്റ് കാരണമാകുന്നുവെന്ന കമീഷന്റെ നിരീക്ഷണത്തെ തുടർന്നാണ് ഗ്രാന്റ് നിർത്തലാക്കിയത്.
സംസ്ഥാനങ്ങൾ സ്വന്തം വരുമാനം വർധിപ്പിക്കാനും ചെലവുകൾ ക്രമീകരിക്കാനും ശ്രമിക്കണമെന്നും കമീഷൻ ചൂണ്ടിക്കാട്ടി. ഇത് കേരളമടക്കം പല സംസ്ഥാനങ്ങൾക്കും കനത്ത പ്രഹരമാണ്.
ധനകമീഷൻ ശിപാർശ പ്രകാരം സംസ്ഥാനത്തിനുള്ള വിഹിതം നിലവിലെ 1.925 ശതമാനത്തിൽ നിന്ന് 2.382 ശതമാനമായി വർധിക്കും. എന്നാൽ റവന്യൂ കമ്മി ഗ്രാന്‍റ് നിർത്തലാക്കിയതോടെ നികുതി വിഹിതത്തിലെ വർധനയുടെ ആനുകൂല്യം ധനസ്ഥിതിയിൽ പ്രതിഫലിക്കില്ല.
ഇതിനുപുറമെ, നേരത്തെ നിശ്ചിത മേഖലകൾക്ക് അനുവദിച്ചിരുന്ന സെക്ടർ സ്പെസിഫിക് ഗ്രാന്‍റുകളും സ്റ്റേറ്റ് സ്പെസിഫിക് ഗ്രാന്‍റുകളും നിർത്തലാക്കിയിട്ടുണ്ട്. കേരളത്തിന് ഈ ഇനത്തിൽ 2,412 കോടി രൂപ ലഭിച്ചിരുന്നു. ജി.എസ്.ടി പരിഷ്കരണം നടത്തിയതിന് പിന്നാലെ സംസ്ഥാനത്തിന്‍റെ വരുമാനത്തിൽ 8000-10000 കോടിയുടെ ഇടിവുണ്ടാകുമെന്നാണ് സർക്കാറിന്‍റെ വിലയിരുത്തൽ.
ഇതിന് പിന്നാലെയാണ് ഗ്രാന്‍റിലും കേന്ദ്രം കൈവിട്ടത്. പത്താം ധനകമീഷൻ ശിപാർശ പ്രകാരം കേരളത്തിന് 3.8 ശതമാനം നികുതി വിഹിതമുണ്ടായിരുന്നത് 15ാം കമീഷൻ ശിപാർശകളോടെ 1.925 ശതമാനമായി കുത്തനെ ഇടിഞ്ഞിരുന്നു. ഇത് 2.382 ശതമാനത്തിലേക്ക് വർധിക്കുമെങ്കിലും പഴയ നിരക്കിലേക്ക് എത്തിയിട്ടില്ല.
തദ്ദേശ ഗ്രാന്‍റിലും തിരിച്ചടി
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്‍റിലും കേരളത്തിന് അർഹമായ പരിഗണന ലഭിച്ചില്ല. ജനസംഖ്യ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങളാണ് കേരളത്തിന് പ്രഹരമാവുക.
സംസ്ഥാനത്തെ നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് (കോർപറേഷനുകളും നഗരസഭകളും) 16,683 കോടി രൂപ ലഭിക്കുമ്പോൾ ഗ്രാമങ്ങൾക്ക് 3,308 കോടി രൂപയാണ് അടുത്ത അഞ്ച് വർഷത്തേക്ക് നീക്കിവെച്ചത്. ഈ അസന്തുലിതത്വത്തിനും കാരണം അശാസ്ത്രീയ മാനദണ്ഡങ്ങളാണ്.
കമീഷൻ അവലംബമാക്കിയ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ 2020ലെ കണക്കുകൾ പ്രകാരം കേരളത്തിന്‍റെ ഗ്രാമീണ ജനസംഖ്യ 63.5 ലക്ഷവും നഗര ജനസംഖ്യ 2.99 കോടിയുമാണ്. കേരളത്തിലെ പല ഗ്രാമപഞ്ചായത്തുകളെയും നഗരങ്ങളായി (സെൻസസ് ടൗൺ) കണക്കാക്കിയതാണ് ഇതിന് കാരണം.
ഭരണപരമായി പഞ്ചായത്തുകളാണെങ്കിലും രേഖകളിൽ അവ നഗരങ്ങളായതോടെ ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വിഹിതം വലിയ തോതിൽ കുറഞ്ഞു. നഗര തദ്ദേശ സ്ഥാപനങ്ങൾ എന്നതിൽ കോർപറേഷനുകളും മുനിസിപ്പാലിറ്റികളും മാത്രം ഉൾപ്പെടുന്നതിനാൽ സെൻസസ് ടൗണുകൾ പരിഗണനക്ക് പുറത്താകും.
15ാം കമീഷൻ കാലത്ത് ഗ്രാമീണ-നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് തുല്യ വിഹിതം നൽകിയ സ്ഥാനത്താണ് ഇത്തവണ ഗ്രാമീണ മേഖലക്ക് വെറും 3,308 കോടി രൂപയും നഗരമേഖലക്ക് 16,683 കോടി രൂപയും മാത്രം നൽകുന്നത്. കൂടാതെ, വികേന്ദ്രീകരണ സൂചികക്കോ തദ്ദേശ ഭരണ മികവിനോ വെയ്റ്റേജ് നൽകാത്തതും കേരളത്തിന് തിരിച്ചടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

