കസ്റ്റഡിയിലെടുത്തയാളെ മർദിച്ച സംഭവത്തിൽ എസ്.ഐക്ക് സസ്പെൻഷൻ; ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും
text_fieldsമർദനമേറ്റ മനോഹരൻ, സസ്പെൻഷനിലായ എസ്.ഐ ജിമ്മി ജോസ്
തൃപ്പൂണിത്തുറ: പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ ഹില്‍പാലസ് സ്റ്റേഷന് എസ്.ഐ ജിമ്മി ജോസിനെ കൊച്ചി സിറ്റി പൊലീസ് കമീഷണർ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. കേസ് അന്വേഷിക്കാന്‍ ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയെ നിയോഗിച്ചു. ഇരുമ്പനം കര്ഷകകോളനിയില് ചാത്തന്‍വേലില്‍ മനോഹരനാണ് (53) കസ്റ്റഡിയിൽ മരിച്ചത്.
ശനിയാഴ്ച രാത്രി 8.45ഓടെയാണ് സംഭവം. മനോഹരന് സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ഇരുമ്പനത്തുനിന്ന് കര്ഷകകോളനിയിലേക്കുള്ള ഇടവഴിയില്‍ പൊലീസ് വാഹന പരിശോധനക്കായി നില്ക്കുന്നുണ്ടായിരുന്നു. ഈ സമയം ഇതുവഴി വന്ന മനോഹരന്റെ ബൈക്കിനു പൊലീസ് കൈകാണിച്ചെങ്കിലും വാഹനം നിര്‍ത്താതെ മുന്നോട്ടുനീക്കി വാഹനം നിര്‍ത്തുകയായിരുന്നു.
ഈ സമയം പുറകെയെത്തിയ എസ്.ഐ ജിമ്മി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം മനോഹരന്റെ ഹെല്‍മറ്റ് ഊരിയ ശേഷം അസഭ്യം പറയുകയും പലതവണ മുഖത്തടിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ സാക്ഷ്യപ്പെടുത്തി. പിന്നീട് മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി യന്ത്രം ഉപയോഗിച്ച് ഊതിച്ചെങ്കിലും മദ്യപിച്ചിരുന്നില്ല. എന്നിട്ടും നാലുപേരടങ്ങുന്ന പൊലീസ് സംഘം മനോഹരനെ ബലമായി ജീപ്പില്‍ കയറ്റി ഹില്‍പാലസ് സ്റ്റേഷനിലക്ക് കൊണ്ടുപോയി.
പിന്നീട് സ്റ്റേഷനിൽ എത്തിയ സഹോദരന്റെ മകന് വിഷ്ണുവിനോട് സംസാരിച്ചുകൊണ്ടിരിക്കെ മനോഹരന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലും കളമശ്ശേരി മെഡിക്കല്‍ കോളജിലും കൊണ്ടുപോയെങ്കിലും പൊലീസ് സര്ജന് ഇല്ലെന്ന കാരണത്താല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ട നടപടികള്‍ക്കായി മാറ്റി.
മനോഹരന്റെ കൈത്തണ്ടക്ക് നിസ്സാര പരിക്ക് മാത്രമാണെന്നും ശരീരത്തില്‍ മറ്റ് പരിക്കുകളോ ചതവുകളോ ഇല്ലെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മനോഹരന്റെ സഹോദരന് വേണു ഡി.ജി.പിക്കും എസ്.പിക്കും പരാതി നല്കി.
കുറ്റക്കാരായ നാലു പൊലീസുകാര്‍ക്കെതിരെയും എസ്.എച്ച്.ഒ അടക്കമുള്ളവര്‍ക്കെതിരെയും കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കണമെന്നും സസ്പെന്‍ഡ് ചെയ്യണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധിച്ചു. ഭാര്യ: സിനി. മക്കള്‍: അര്ജുന് (പ്ലസ് വണ്‍ വിദ്യാര്‍ഥി), സച്ചി (നാലാം ക്ലാസ് വിദ്യാര്‍ഥി).