മേലുദ്യോഗസ്ഥനെതിരെ പരാതി നൽകിയ എക്സൈസ് വനിത ഓഫിസർക്ക് സസ്പെൻഷൻ
text_fieldsആലപ്പുഴ: സഹപ്രവർത്തകരുടെ മുന്നിൽവെച്ച് പരസ്യ അധിക്ഷേപം നടത്തിയ മേലുദ്യോഗസ്ഥനെതിരെ പരാതി നൽകിയ വനിത എക്സൈസ് ഓഫിസർക്ക് സസ്പെഷൻ. കാർത്തികപള്ളി എക്സൈസ് റേഞ്ച് ഓഫിസിലെ വനിത സിവിൽ എക്സൈസ് ഓഫിസറായ കുമാരി വീണയെയാണ് സസ്പെൻഡ് ചെയ്തത്.
വകുപ്പിന്റെ നീതിനിഷേധത്തിനതെിരെ ഹൈകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഇവർ. കാർത്തികപള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർക്കെതിരെയായിരുന്നു പരാതി. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടറാണ് പരാതി ആദ്യം അന്വേഷിച്ചത്.
പരാതിക്കാരിയുടെയും ബന്ധപ്പെട്ടവരുടെയും മൊഴിയെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും എക്സൈസ് കമീഷണർക്ക് പരാതിനൽകി. പിന്നാലെ പുനരന്വേഷണത്തിന് ഉത്തരവിട്ടു. ആലപ്പുഴ എക്സൈസ് അസി. കമീഷണർക്കായിരുന്നു അന്വേഷണ ചുമതല.
പുനരന്വേഷണവും തൃപ്തികരമായിരുന്നില്ല. വകുപ്പിൽനിന്ന് നീതി ലഭിക്കാതായതോടെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലും പരാതി നൽകി. കേസ് അന്വേഷിച്ച വനിത ഇൻസ്പെക്ടർ പരാതിയിൽ ഉന്നയിച്ച പ്രധാന പരാതി മാറ്റി, അമിത ജോലിഭാരമെന്നാക്കി പരാതി ലഘൂകരിക്കാൻ ശ്രമിച്ചു.
ചൊവ്വാഴ്ചയാണ് ഇവരെ സസ്പെൻഡ് ചെയ്ത ഉത്തരവിറങ്ങിയത്. രണ്ട് എക്സൈസ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും റിപ്പോർട്ട് പ്രകാരമാണ് ഇവർക്കെതിരെ നടപടി എടുത്തെന്നാണ് എക്സൈസ് അധികൃതരുടെ വിശദീകരണം. പരാതി ഉന്നയിച്ചാൾക്കെതിരെ തെളിവില്ലെന്നും ജീവനക്കാർ ആരും മൊഴി നൽകിയിട്ടില്ലെന്നുമാണ് വിശദീകരണത്തിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

