സസ്പെൻഷൻ കുരുക്ക്; ഡെപ്യൂട്ടേഷൻ മതിയാക്കി ‘കേരള’ രജിസ്ട്രാർ മടങ്ങുന്നു
text_fieldsഡോ. കെ.എസ്. അനിൽകുമാർ
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഭാരതാംബ ചിത്രവിവാദത്തിലകപ്പെട്ട് ആറ് മാസമായി സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന്‍റെ ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മാതൃസ്ഥാപനമായ ശാസ്താംകോട്ട ദേവസ്വംബോർഡ് കോളജിലേക്ക് മടങ്ങാൻ അനുമതി നൽകി സർക്കാർ ഉത്തരവ്.
അനിൽകുമാറിന്‍റെ സസ്പെൻഷൻ പിൻവലിക്കുന്നത് സംബന്ധിച്ച സിൻഡിക്കേറ്റ് തീരുമാനം വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ചാൻസലറായ ഗവർണർക്ക് വിട്ടതോടെ തിരികെ കയറുന്നത് അനിശ്ചിതത്വത്തിലായിരുന്നു. അനിൽകുമാറിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗങ്ങൾ നൽകിയ ഹരജി, വിഷയം ചാൻസലറുടെ പരിഗണനയിലായതിനാൽ പ്രത്യേക ഉത്തരവില്ലാതെ ഹൈകോടതി തീർപ്പാക്കി. വിഷയം ചാൻസലറുടെ പരിഗണനയിലായതിനാൽ, അനിൽകുമാർ നൽകിയ കേസിലും അനുകൂല വിധിക്ക് സാധ്യത മങ്ങിയതോടെയാണ് മാതൃസ്ഥാപനത്തിലേക്ക് മടക്കി അയക്കാൻ സർക്കാർതലത്തിൽ ധാരണയായത്. ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കാൻ കഴിഞ്ഞ തിങ്കളാഴ്ച അനിൽകുമാർ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഉന്നത വിദ്യഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. അനിൽകുമാറിനെ തിരിച്ചെടുക്കാനാകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ഗവർണറും വി.സിയും.
കേരള സർവകലാശാല സെനറ്റ് ഹാളിൽ ആർ.എസ്.എസ് അനുകൂല സംഘടന ഗവർണർ രാജേന്ദ്ര ആർലേക്കറെ പങ്കെടുപ്പിച്ച നടത്തിയ അടിയന്തിരാവസ്ഥക്കെതിരായ പരിപാടിയിൽ ഭാരതാംബ ചിത്രം സ്ഥാപിച്ചത് തടയാൻ ശ്രമിച്ച വിവാദത്തിലാണ് അനിൽകുമാറിനെ വി.സി സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ അംഗീകരിക്കാതെ അനിൽകുമാറിനെ ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ രജിസ്ട്രാറുടെ ഓഫിസിലെത്തി ജോലി ചെയ്യാൻ നിർബന്ധിച്ചു. ഇതുസംബന്ധിച്ച കേസിൽ കോടതിയിൽനിന്ന് അനുകൂല വിധി കിട്ടാതായതോടെ അനിൽകുമാർ അവധിക്ക് അപേക്ഷ നൽകുകയായിരുന്നു. സസ്പെൻഷനിലുള്ളയാൾ അവധിക്ക് അപേക്ഷിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി വി.സി അപേക്ഷ നിരസിച്ചു.
തിരികെ കയറാനുള്ള ശ്രമങ്ങൾക്ക് വി.സിയും ഗവർണറും തടയിട്ടതോടെയാണ് ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് മടങ്ങാൻ തീരുമാനിച്ചത്. 2021 ഫെബ്രുവരിയിലാണ് ദേവസ്വം ബോർഡ് കോളജ് പ്രിൻസിപ്പലായ അനിൽകുമാർ രജിസ്ട്രാറായി നാല് വർഷത്തേക്ക് നിയമിതനായത്. 2025 ഫെബ്രുവരിയിൽ നാല് വർഷത്തേക്കുകൂടി പുനർനിയമനം നൽകി. 2029 ഫെബ്രുവരി 29 വരെ കാലാവധിയുണ്ടായിരിക്കെയാണ് മടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

