പേപ്പട്ടി കടിച്ചെന്ന് സംശയം: നഗരത്തിൽ അക്രമാസക്തയായ പശു ചത്തു
text_fieldsകാസര്‍കോട്: നഗരത്തിൽ പേപ്പട്ടി കടിച്ചതായി സംശയിക്കുന്ന പശു പരിഭ്രാന്തി പരത്തി ചത്തു. ബുധനാഴ്ച നുള്ളിപ്പാടിയിലാണ് പശു, തൊഴുത്തിലും പുറത്തും അക്രമാസക്തമായി നിരവധി പേരെ ആക്രമിച്ചത്.
കെട്ടിയിടാന്‍ ശ്രമിച്ച 26 വയസ്സുകാരനെ പശു കുത്തിപ്പരിക്കേല്പിച്ചു. കൂടാതെ അഞ്ചോളം ബൈക്കുകള്‍ പശു ആക്രമിക്കുകയും ചെയ്തു. ഫയര്‍ഫോഴ്സെത്തി കീഴ്പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അവസാനം വലയെറിഞ്ഞാണ് കീഴ്പ്പെടുത്തിയത്.
രാത്രിയോടെ മൃഗഡോക്ടര്‍ മരുന്ന് കുത്തിവെച്ചെങ്കിലും രാവിലെയോടെ പശു ചത്തു. പശുവിെൻറ വായില്‍ നിന്നും മറ്റും രക്തവും നുരയും പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം കാസര്‍കോട് നഗരത്തില്‍ നിരവധിപേരെ പേപ്പട്ടി കടിച്ചിരുന്നു. ഇതേ നായ രണ്ട് പശുക്കളെയും കടിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു.