വയനാട് മുണ്ടക്കൈയിൽ മണ്ണിടിച്ചിലെന്ന് സംശയം; പുന്നപ്പുഴയിൽ കുത്തൊഴുക്ക്
text_fieldsകൽപറ്റ: വയനാട്ടിൽ കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈക്ക് സമീപം വെള്ളരിമലയിൽ മണ്ണിടിച്ചിലെന്ന് സംശയം. കഴിഞ്ഞ രാത്രി കനത്ത മഴയാണ് മുണ്ടക്കൈയിലും സമീപ പ്രദേശത്തുമുണ്ടായത്. പുന്നപ്പുഴയിൽ ബെയിലി പാലത്തിനു സമീപം വലിയ കുത്തൊഴുക്കാണ്. കല്ലുകളും മരങ്ങളും പുഴയിലൂടെ ഒലിച്ചുവരുന്നുണ്ട്. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഫയർഫോഴ്സും മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
അതേസമയം ഉരുൾപൊട്ടലിന്‍റെ ഭാഗമായി അടിഞ്ഞുകൂടിയ മണ്ണും മറ്റ് അവശിഷ്ടങ്ങളും കുത്തിയൊഴുകുന്നതാണോ എന്നും സംശയമുണ്ട്. ആൾപ്പാർപ്പില്ലാത്ത മേഖലയായതിനാൽ മറ്റ് അപകടങ്ങൾക്ക് സാധ്യതയില്ല. തൊഴിലാഴികളെ ഉൾപ്പെടെ തിരികെ വിളിച്ചിട്ടുണ്ട്. പുഴ കരകവിഞ്ഞ് വില്ലേജ് റോഡിൽ വെള്ളം കയറി. പുഴയിലൂടെ ഒഴുകുന്നത് ചെളി കലങ്ങിയ വെള്ളമാണ്. മണ്ണിടിച്ചിൽ എവിടെയെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് അധികൃതർ വിശദമാക്കി. മുണ്ടക്കൈ വനമേഖലയിൽ നൂറു മില്ലിമീറ്റർ മഴ പെയ്തുവെന്നാണ് ലഭ്യമാകുന്ന സൂചനകൾ.
വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ സംഘത്തെ സ്ഥലത്തേക്ക് പ്രവേശിക്കാതെ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. പുനരധിവാസത്തിലെ പിഴവും സുരക്ഷാ വീഴ്ചയും ആരോപിച്ചാണ് നാട്ടുകാർ റവന്യൂ സംഘത്തെ തടഞ്ഞത്. കൂടുതൽ തൊഴിലാളികളെ ട്രാക്ടറിൽ പുഴയ്ക്ക് ഇക്കരക്ക് കൊണ്ടുവരികയാണ്. ഉദ്യോഗസ്ഥരെത്താൻ വൈകിയെന്നും തങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നും ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

