'പതിവില്ലാത്ത വിധം അകത്ത് ലൈറ്റുണ്ടായിരുന്നു, വാതിൽ പുറത്ത് നിന്ന് പൂട്ടിയിരുന്നു, മറ്റൊരു താക്കോലെടുത്ത് വീട് തുറന്നപ്പോൾ കണ്ടത് തല പൊട്ടി രക്തം വാർന്നൊഴുകിയ സഹോദരിയെ'; ബന്ധുവിന്റെ സുഹൃത്ത് പിടിയിൽ
text_fieldsഅർജുൻ കൃഷ്ണൻ
കുന്നുകര: കുറ്റിപ്പുഴയിൽ പട്ടാപ്പകൽ 79കാരിയായ റിട്ട: അധ്യാപിക ഒറ്റക്ക് താമസിക്കുന്ന വീട്ടിലെത്തി തലക്കടിച്ച് പരിക്കേൽപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്ന് വാതിൽ പുറത്ത് നിന്ന് പൂട്ടി രക്ഷപ്പെട്ട യുവാവ് മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ. പെരുമ്പാവൂർ അല്ലപ്ര രാജ് വിഹാറിൽ അർജുൻ കൃഷ്ണനാണ് (25 ) ചെങ്ങമനാട് പൊലീസിൻ്റെ പിടിയിലായത്. പ്രതി വയോധികയുടെ കാനഡയിൽ പഠിക്കുന്ന അടുത്ത ബന്ധുവിന്റെ സുഹൃത്താണെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് മൂന്നിനാണ് സംഭവം. ഭർത്താവിന്റെ മരണശേഷം വർഷങ്ങളായി ഇവർ ഒറ്റക്കാണ് താമസിക്കുന്നത്. തൊട്ടടുത്ത് സഹോദരൻ താമസിക്കുന്നുണ്ട്. രാത്രി 7.30ടെ സഹോദരിയുടെ വീട്ടിലെത്തിയപ്പോൾ പതിവില്ലാത്ത വിധം അകത്ത് ലൈറ്റ് പ്രകാശിക്കുകയും, വാതിൽ പുറത്ത് നിന്ന് പൂട്ടിയ നിലയിലുമായിരുന്നു. പല തവണ മുട്ടിവിളിച്ചെങ്കിലും വാതിൽ തുറന്നില്ല. ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അതോടെ പന്തികേട് തോന്നി വീട്ടിൽ പോയി സഹോദരിയുടെ വീടിന്റെ കൈവശമുണ്ടായിരുന്ന മറ്റൊരു താക്കോൽ കൊണ്ട് വന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്.
ശരീരമാസകലം ക്രൂര മർദനമേറ്റ വയോധിക രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. ഉടനെ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പരിശോധയിൽ തലയോട്ടിയിൽ ഗുരുതരമായ മൂന്ന് പൊട്ടലുകളുള്ളതായി തെളിഞ്ഞു. കാലിലെയും കൈയിലേയും എല്ലുകൾ ഒടിഞ്ഞ നിലയിലുമാണ്. കവിളിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഒറ്റക്ക് താമസിക്കുന്നതിനാൽ വയോധിക അപരിചതരെ കണ്ടാൽ വാതിൽ തുറക്കുകയോ വീടിനകത്ത് കയറ്റുകയോ അധിക സംസാരത്തിന് പോലും തയാറാകാറില്ല. എന്നാൽ ഇവരുടെ അടുത്ത ബന്ധുവായ പെൺകുട്ടിയുടെ സുഹൃത്ത് എന്ന നിലയിൽ പരിചയമുള്ളതിനാൽ പല കാര്യങ്ങളും പറഞ്ഞ് യുവാവ് വീട്ടിൽ വരാറുണ്ടെന്നും അതിനാൽ സംശയമുണ്ടായില്ലെന്നും ഇത്തരത്തിൽ ആക്രമണമുണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ബന്ധുക്കൾ പറയുന്നത്.
ബലമായി സ്വർണം കവരാൻ ശ്രമിച്ചപ്പോൾ വയോധിക എതിർത്തതോടെ കനമുള്ള മാരകായുധം ഉപയോഗിച്ച് ശക്തിയായി തലക്കടിച്ചുവെന്നാണ് കരുതുന്നത്. അടിയുടെ ആഘാതത്തിൽ തല പൊട്ടി രക്തം വാർന്നൊഴുകി ബോധം കെട്ടെന്ന് ഉറപ്പാക്കിയ ശേഷം സ്വർണ വളയും മാലയും കവർന്ന ശേഷം സാധാരണ പോലെ താക്കോലെടുത്ത് പുറത്ത് നിന്ന് വാതിൽ പൂട്ടിയ ശേഷം പ്രതി സ്ഥലം വിടുകയായിരുന്നുവത്രെ. സംഭവം അറിഞ്ഞയുടൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
വയോധികയുമായി അടുപ്പമുള്ളവരെക്കുറിച്ചും വീട്ടിലെ പതിവ് സന്ദർശകരെക്കുറിച്ചും പൊലീസ് അന്വേഷിച്ചപ്പോൾ ബന്ധുവിന്റെ ആൺ സുഹൃത്തിനെക്കുറിച്ച് ബന്ധുക്കൾ സൂചന നൽകി. അതിനിടെ അക്രമണം നടത്തിയതായി സംശയിച്ച യുവാവ് വയോധികയുടെ വീട് പൂട്ടി പോകുന്നത് കുറ്റിപ്പുഴയിലെ പച്ചക്കറിക്കടയിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചു. ഞായറാഴ്ച രാവിലെ ആശുപത്രിയിൽ വച്ച് ബോധം തെളിഞ്ഞപ്പോൾ വയോധികയും തന്നെ ആക്രമിച്ചതും സ്വർണാഭരണങ്ങൾ കവർന്നത് സംബന്ധിച്ചും വ്യക്തമാക്കി. അതോടെയാണ് പ്രതിയെ പെരുമ്പാവൂരിലെ വീട്ടിൽ നിന്ന് പ്രതിയെ പൊലീസ് പിടികൂടിയത്.
ജില്ല പൊലീസ് മേധാവി എം.ഹേമലതയുടെ നിർദേശത്തെ തുടർന്ന് ആലുവ ഡി.വൈ.എസ്.പി ടി.ആർ രാജേഷാണ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചത്. പണയം വച്ച ധനകാര്യ സ്ഥാപനത്തിൽ നിന്ന് സ്വർണവും പണയം വച്ച രേഖകളും പൊലീസ് കണ്ടെടുത്തു. ഇൻസ്പെക്ടർ സോണി മത്തായി എസ്.ഐമാരായ എസ്. എസ് ശ്രീലാൽ, ബി. എം. ചിത്തുജി, സുജോ ജോർജ് ആൻ്റണി, അജിത് കുമാർ, സതീഷ് കുമാർ, ബൈജു കുര്യൻ, സി. പി.ഒമാരായ മുഹമ്മദ് അമീർ, മാഹിൻ ഷാ അബൂബക്കർ, കെ.എം മനോജ്, അജിത തിലകൻ, ലിൻസൺ പൗലോസ്, കിഷോർ, കെ.വി നിധിൻ, ജിതിൻ.എം. അശോക്, ഷിബിൻ, വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

