പതിനഞ്ചുകാരന്റെ കാമറ തട്ടിയെടുത്ത പ്രതി പിടിയിൽ
text_fieldsസൂരജ്
കയ്പമംഗലം: ചെന്ത്രാപ്പിന്നിയിൽ കല്യാണവീട്ടിലെത്തിയ പതിനഞ്ചുകാരനിൽ നിന്ന് കാമറ തട്ടിയെടുത്ത കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി ഏറാക്കൽ വീട്ടിൽ അനു എന്ന സൂരജിനെയാണ് (38) കയ്പമംഗലം പൊലീസ് ഇൻസ്പെക്ടർ എം. ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.
ചെന്ത്രാപ്പിന്നി ശ്രീമുരുകൻ തിയേറ്ററിന് കിഴക്ക് വശത്തെ വീട്ടിൽ കല്യാണത്തിനെത്തിയ കയ്പമംഗലം പള്ളിത്താനം സ്വദേശി മുഹമ്മദ് അസ്ലമിന്റെ കാമറയാണ് തട്ടിയെടുത്തത്. റോഡിൽ സുഹൃത്തുക്കളുടെ ഫോട്ടോയെടുക്കുന്നതിനിടെ സ്കൂട്ടറിലെത്തിയ അനു കാമറ പിടിച്ചുപറിച്ച് കടന്നു കളയുകയായിരുന്നു. 80000 രൂപ വിലവരുന്ന കാമറയാണ് തട്ടിയെടുത്തത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

