രാഹുലിനെതിരായ കുരുക്ക് മുറുകുന്നു; രണ്ടാമത്തെ കേസിൽ അതിജീവിത മൊഴി നൽകും
text_fieldsതിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ രണ്ടാമത്തെ കേസിൽ അതിജീവിത മൊഴി നൽകും. മൊഴി നൽകാൻ കഴിയുന്ന സമയവും സ്ഥലവും അറിയിക്കണമെന്നാവശ്യപ്പെട്ട് പരാതി അയച്ച മെയിലിലേക്ക് അന്വേഷണ സംഘം നോട്ടീസ് അയച്ചിരിക്കുന്നു. തുടർന്നാണ് മറുപടി ലഭിച്ചത്. നേരത്തേ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണമുയർന്നപ്പോൾ ഈ പെണ്‍കുട്ടിയിൽനിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നെങ്കിലും നിയമനടപടിക്ക് തയാറല്ലെന്ന് അറിയിക്കുകയായിരുന്നു.
ചൊവ്വാഴ്ചയാണ് എം.എൽ.എയിൽനിന്ന് നേരിട്ട ക്രൂരപീഡനം വിശദീകരിച്ച് കേരളത്തിന് പുറത്ത് താമസിക്കുന്ന 23കാരി കോണ്‍ഗ്രസ് നേതൃത്വത്തിന് ഇ-മെയിൽ അയച്ചത്. പരാതി കെ.പി.സി.സി നേതൃത്വം ഡി.ജി.പിക്ക് കൈമാറുകയായിരുന്നു.
ബുധനാഴ്ച രാത്രി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗവും ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. രാഹുലിന്റെ സന്തത സഹചാരി ഫെന്നി നൈനാനാണ് സംഭവശേഷം കാറിൽ കൊണ്ടുവിട്ടതെന്ന് യുവതി കത്തിൽ പറഞ്ഞിരുന്നെങ്കിലും പ്രതി ചേർത്തിട്ടില്ല. ഡിവൈ.എസ്.പി സജീവന്റെ നേതൃത്വത്തിലാണ് അന്വേഷണം.
തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് രാഹുൽ മാങ്കൂട്ടത്തിൽ എ.എൽ.എക്ക് മുൻകൂർ ജാമ്യം നിഷേധിച്ചത്. രാഹുലിനെതിരെ പ്രാഥമികമായി തെളിവുണ്ടെന്നും അറസ്റ്റ് തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ബുധനാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യ ഹരജി തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്. നസീറ പരിഗണിച്ചത്. അടച്ചിട്ട കോടതിയിൽ വാദം കേൾക്കണമെന്ന ഇരുകക്ഷികളുടെയും ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

