168 കോടിയുടെ സർവേ ഉപകരണങ്ങൾ വാങ്ങിയത് 339 കോടിക്ക്; റിപ്പോർട്ട് തേടി ഹൈകോടതി
text_fieldsതൃശൂർ: സംസ്ഥാനത്തെ 1650 വില്ലേജുകളിലെ ഡിജിറ്റൽ റീസർവേയുടെ ഭാഗമായി ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നാരോപിച്ച് കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് നൽകിയ ഹരജിയിൽ അന്വേഷണം നടത്തണമെന്ന് ഹൈകോടതി. 168 കോടി അടങ്കൽ തുകക്കുള്ള ഉപകരണങ്ങൾ 339.44 കോടി രൂപ ചെലവഴിച്ച് വാങ്ങിയെന്നാണ് ഹരജിയിൽ ചൂണ്ടിക്കാണിച്ചത്. ഹരജി മൂന്ന് ആഴ്ചക്കകം വിശദാന്വേഷണം നടത്തി റിപ്പോർട്ട് നൽകണം.
ചീഫ് ജസ്റ്റിസ് സുമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാമകുമാർ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ഇക്കാര്യത്തിൽ അഴിമതി ആരോപിച്ചുള്ള പരാതി പ്രധാനമന്ത്രിയുടെ ഓഫിസിന് നൽകിയത് തുടർനടപടികൾക്കായി ഇ.ഡിക്ക് കൈമാറിയിരുന്നു. എന്നാൽ, നടപടിയുണ്ടാകാത്തതിനാലാണ് ഹൈകോടതിയിൽ ഹരജി നൽകിയതെന്ന് ഷാജി കോടങ്കണ്ടത്ത് പറഞ്ഞു.
2021ലാണ് ആദ്യ ടെൻഡർ വിളിച്ചത്. 2022 മാർച്ചിൽ റീടെൻഡർ പരസ്യവും നൽകി. 2023 ആഗസ്റ്റിലാണ് ഉപകരണങ്ങൾ വാങ്ങിയത്. ഹെക്സ്സജൻ കമ്പനിയിൽനിന്ന് യഥാർഥ എണ്ണത്തിലും പ്രത്യേകതകളിലും മാറ്റം വരുത്തി 16 ഇരട്ടി വരെ വിലയിട്ടാണ് ഉപകരണങ്ങൾ വാങ്ങിയതെന്നും ഇത് പ്രകടമായ അഴിമതിയാണെന്നും ഷാജി ആരോപിക്കുന്നു.
റീസർവേ ഉപകരണങ്ങൾ റവന്യൂ വകുപ്പ് വാങ്ങിയതിൽ അഴിമതി ഉണ്ടെന്നും മുമ്പ് വാങ്ങിയ ഉപകരണങ്ങൾ ഉപയോഗശൂന്യമാക്കിയെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയിരുന്നു. തിരുവനന്തപുരം വിജിലൻസ് യൂനിറ്റ് നടത്തിയ അന്വേഷണത്തിൽ പ്രഥമദൃഷ്ട്യാ അഴിമതിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. പത്രങ്ങളിൽ കൃത്യമായി പരസ്യം നൽകാതെയാണ് ടെൻഡർ ക്ഷണിച്ചതെന്നാണ് കണ്ടെത്തൽ.
അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കുന്നതിന് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചെങ്കിലും നൽകാൻ തയാറായില്ലെന്നും സംസ്ഥാന വിവരാവകാശ കമീഷണർക്ക് പരാതി നൽകിയപ്പോഴാണ് റിപ്പോർട്ട് കിട്ടിയതെന്നും ഷാജി അറിയിച്ചു. അതേസമയം ഏത് അന്വേഷണവും നേരിടാൻ തയാറാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ മാധ്യമപ്രവർത്തരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

