പൊലീസിനെ നോക്കാൻ 39.64 കോടിയുടെ 'വല്യേട്ടൻ': 520 സ്റ്റേഷനുകളിൽ സി.സി ടി.വി കാമറ സ്ഥാപിക്കുന്നു
text_fieldsതൃശൂർ: പൊലീസ് സ്റ്റേഷനുകളിൽ മർദനമുറകൾ വർധിക്കുെന്നന്ന് നിരന്തര പരാതി ഉയർന്നതിനെ തുടർന്ന് സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാമറ സ്ഥാപിക്കുന്നു. 520 പൊലീസ് സ്റ്റേഷനുകളിലാണ് അത്യാധുനിക സി.സി ടി.വി കാമറകൾ സ്ഥാപിക്കുന്നതിന് കരാർ നൽകിയത്.
ഡൽഹി ആസ്ഥാനമായുള്ള ടെലി കമ്യൂണിക്കേഷൻ കൺസൾട്ടന്റ്സ് ഇന്ത്യ (ടി.സി.ഐ.എൽ) ലിമിറ്റഡുമായി 39.64 കോടിയുടെ കരാറിൽ സംസ്ഥാനം ഒപ്പുവെച്ചു. 11.88 ലക്ഷം മുൻകൂറായി നൽകി.
കഴിഞ്ഞ ദിവസം കൊല്ലം കിളികൊല്ലൂരിൽ സ്റ്റേഷനിൽ സൈനികനെയും സഹോദരനെയും മർദിച്ചതിന്റെ വിവരങ്ങളറിയാൻ സി.സി ടി.വി ദൃശ്യങ്ങളാണ് നിർണായകമായത്. സ്വയരക്ഷക്ക് പൊലീസ് പുറത്തുവിട്ട വിഡിയോ തിരിച്ചടിക്കുകയും ചെയ്തിരുന്നു.
കിളികൊല്ലൂരിന് പുറമെ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ ദമ്പതികൾക്കും കൊല്ലം തെന്മല സ്റ്റേഷനിൽ യുവാവിനും കോഴിക്കോട് വടകര സ്റ്റേഷനിൽ മർദനമേറ്റ കോലോത്ത് സജീവൻ മരിച്ചതും ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനും വിവരാവകാശ സംഘടനയായ നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടറുമായ പി.ബി. സതീഷ് വിവരാവകാശപ്രകാരം നൽകിയ അപേക്ഷയിലാണ് കാമറകൾ സ്ഥാപിക്കാൻ കരാറിലേർപ്പെട്ടതായി മറുപടി ലഭിച്ചത്.
രാത്രി വെളിച്ചക്കുറവുള്ള പൊലീസ് സ്റ്റേഷന്റെ ഭാഗങ്ങളുൾപ്പെടെ വ്യക്തതയോടെ ദൃശ്യങ്ങൾ പകർത്താനും ശബ്ദം റെക്കോഡ് ചെയ്യാനും കഴിയുന്ന തരത്തിെല കാമറയാണ് സ്ഥാപിക്കുക. കാമറകൾ വഴി നേരിൽ കണ്ടുസംസാരിക്കാനും സാധിക്കും.
ഉന്നത ഉദ്യോഗസ്ഥർക്ക് സ്റ്റേഷനുകളിലെ കാമറകളിലെ ദൃശ്യങ്ങളും പൊലീസിന്റെ പ്രവർത്തനവും നേരിട്ട് കാണാനാകുമെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. 18 മാസം ദൃശ്യങ്ങൾ സൂക്ഷിക്കാം. വൈദ്യുതി തടസ്സം നേരിട്ടാലും പ്രവർത്തിക്കും. മൂന്ന് കൊല്ലത്തേക്ക് ഇടക്കാല വാറന്റിയും വീണ്ടും രണ്ട് കൊല്ലം വാറന്റിയുമുണ്ട്. തുടർന്ന് അഞ്ചുവർഷം കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും കരാറിൽ വ്യവസ്ഥയുണ്ട്.