ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയ യുവതിക്ക് നഷ്ടപരിഹാരവും തുടര്‍ചികിത്സയും നൽകണം -വി.ഡി. സതീശൻ
text_fieldsവി.ഡി. സതീശൻ
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന യുവതിക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും തുടര്‍ ചികിത്സ ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സബ്മിഷനിലാണ് ഇക്കാര്യം പ്രതിപക്ഷ നേതാവ് നിയമസഭയിൽ അവതരിപ്പിച്ചത്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 2023 മാര്‍ച്ച് 20ന് തൈറോഡാക്ടമി ശസ്ത്രക്രിയക്ക് വിധേയയായ കാട്ടാക്കട സ്വദേശിനിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങി ഗുരുതരമായ ചികിത്സാപിഴവ് ഉണ്ടായതിനെ തുടര്‍ന്ന് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ്. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയയായ യുവതി തുടര്‍ന്ന് നാല് ദിവസം ഐ.സി.യുവില്‍ അബോധാവസ്ഥയില്‍ കിടന്നു.
ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ അടുത്ത് രണ്ടു വര്‍ഷക്കാലം തുടര്‍ ചികിത്സ നടത്തിയിരുന്നു. എന്നാല്‍ ശ്വാസംമുട്ടലും കിതപ്പും കൂടിക്കൂടി വന്നതിനെ തുടര്‍ന്ന് അടുത്തുള്ള ക്ലിനിക്കിലെ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം എക്‌സ്റേ എടുത്തപ്പോള്‍ നെഞ്ചിനുള്ളില്‍ അസ്വഭാവികമായി വസ്തു കണ്ടെത്തി. തുടര്‍ന്ന് 2025 ഏപ്രില്‍ മാസം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നടത്തിയ പരിശോധനയില്‍, രക്തക്കുഴല്‍ വഴി മരുന്നുകള്‍ നല്‍കാന്‍ ഉപയോഗിക്കുന്ന സെന്‍ട്രല്‍ ലൈനിന്റെ ഭാഗമായുള്ള ഗൈഡ് വയറാണ് നെഞ്ചില്‍ കുടുങ്ങിയിരിക്കുന്നതെന്ന് സ്ഥിരീകരിച്ചു.
ഗൈഡ് വയര്‍ ധമനികളുമായി ഒട്ടിച്ചേര്‍ന്ന അവസ്ഥയിലാണ് ഉള്ളതെന്ന് സി.ടി സ്‌കാനിങ്ങില്‍ വ്യക്തമായി. ഈ അവസ്ഥയില്‍ ഗൈഡ് വയര്‍ തിരികെ എടുത്താല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ഉള്‍പ്പെടെ ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി എന്നുമാണ് മനസിലാക്കുന്നത്. ഗുരുതരമായ ചികിത്സാപിഴവ് മൂലം കഠിനമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടും ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടും രേഖാമൂലം പരാതി നല്‍കിയിട്ടും അന്വേഷണത്തിനായി ഒരു സമിതിയെ നിയോഗിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്.
ചികിത്സപ്പിഴവ് മൂലം ദുരിതമനുഭവിക്കുന്ന യുവതിക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിനും തുടര്‍ ചികില്‍സ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഞാന്‍ ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രിക്ക് കത്തു നല്‍കിയിട്ടുള്ളതുമാണ്. എന്നാല്‍ ഈ കാര്യത്തില്‍ നാളിതുവരെ അനുകൂലമായ നടപടി സ്വീകരിക്കണമെനന്ന് അഭ്യർഥിക്കുന്നു.
സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സാപ്പിഴവിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്ന യുവതിയുടെ രോഗവിവരങ്ങളും ചികിത്സാ വിശദാംശങ്ങളും ഉള്‍പ്പെടെയുള്ള വ്യക്തിപരമായ ആരോഗ്യ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്ന രീതിയില്‍ നിയമസഭാ ചോദ്യത്തിന് (ചോദ്യം നമ്പര്‍ 5, 16.9.25) മറുപടി നല്‍കിക്കൊണ്ട് അവഹേളിക്കുന്ന തരത്തിലുള്ള നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ സമീപനം മന്ത്രി സ്വീകരിച്ചതിലുള്ള പ്രതിഷേധം കൂടി ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു. മന്ത്രിയുടെ ഓഫിസില്‍ നിന്നും ഇത്തരമൊരു മറുപടി നല്‍കിയെങ്കിലും നിയമസഭ സെക്രട്ടേറിയറ്റ് ശ്രദ്ധിക്കണമായിരുന്നു. ഇക്കാര്യം സ്പീക്കറും പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

