ഏഴുപേര്‍ക്ക് പുതുജീവിതം നല്കി സുരേഷ് യാത്രയായി
text_fieldsസുരേഷ്
തിരുവനന്തപുരം: മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം വെള്ളായണി പൂങ്കുളം സ്വദേശി എ. സുരേഷിന്റെ (37) അവയവങ്ങള്‍ ദാനം ചെയ്തു. മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ കെ സോട്ടോ വഴിയാണ് അവയവദാനം. ഹൃദയം, 2 വൃക്കകള്‍, കരള്‍ (2 പേര്‍ക്ക്), 2 കണ്ണുകള്‍ എന്നിങ്ങനെയാണ് നല്‍കിയത്. ഹൃദയം കോട്ടയം മെഡിക്കല്‍ കോളജിലെ രോഗിക്കും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജ്, രണ്ടാമത്തെ വൃക്ക കിംസ് ആശുപത്രി, കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രി, കരള്‍ അമൃതയിലെ സൂപ്പര്‍ അര്ജന്റ് രോഗിക്കും കിംസിലെ രോഗിക്കും നല്കി. നിർമാണ തൊഴിലാളിയായ സുരേഷിന് നവംബര്‍ രണ്ടിന് കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് പരിക്കേറ്റു.
ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും അഞ്ചിന് കിംസ് ആശുപത്രിയിൽ മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. അവയവ വിന്യാസം വേഗത്തിലാക്കാനായി മന്ത്രി വീണാ ജോര്‍ജ് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. കാലാവസ്ഥ പ്രശ്നം കാരണം ഹെലികോപ്റ്റര്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഗ്രീന്‍ ചാനല്‍ ഒരുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്കി. പൊലീസിന്റെ സഹായത്തോടെ ഗ്രീന്‍ ചാനല്‍ ഒരുക്കിയാണ് അതിവേഗത്തില്‍ ഹൃദയം കോട്ടയം മെഡിക്കല്‍ കോളജിൽ എത്തിച്ചത്.

