സുരേഷ് ഗോപിയുടെ വാഹനത്തിന് മാർഗതടസ്സം; ലോറി ഡ്രൈവർ അറസ്റ്റിൽ
text_fieldsകളമശ്ശേരി: നടൻ സുരേഷ് ഗോപിയുടെ വാഹനത്തിന് മാർഗതടസ്സമുണ്ടാക്കിയ ഇതരസംസ്ഥാന ടാങ്കർ ലോറിയുടെ ഡ്രൈവറെ കളമശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞദിവസം വാഹനാപകടത്തില്‍ മരിച്ച നടൻ സുധിയുടെ മൃതദേഹം കാക്കനാടുള്ള ചാനൽ സ്റ്റുഡിയോയിലെത്തി കണ്ടശേഷം തൃശൂര്‍ക്ക് പോകുമ്പോൾ കളമശ്ശേരി തോഷിബ ജങ്ഷനു സമീപം ചൊവ്വാഴ്ച പുലർച്ച ഒരുമണിയോടെയാണ് സംഭവം.
സുരേഷ് ഗോപി പൊലീസ് കണ്ട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അങ്കമാലിയിൽവെച്ച് തടഞ്ഞ് ലോറിയും ഡ്രൈവർ തമിഴ്നാട് കല്ലക്കുറുച്ചി സ്വദേശി ഭരതിനെയും (29) കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇൻസ്പെക്ടർ വിപിൻ ദാസിന്റെ നിർദേശപ്രകാരം എസ്.ഐ വി.എ. സുബൈർ, സി.പി.ഒ ശരത് എന്നിവർ ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. കസ്റ്റഡിയിലെടുത്ത വാഹനം കോടതിക്ക് കൈമാറി.