എവിടെയും പോയിട്ടില്ല, ഇവിടെ തന്നെയുണ്ട്; പാര്‍ലമെന്റിലെ ചിത്രങ്ങള്‍ പങ്കുവെച്ച് സുരേഷ് ഗോപി
text_fieldsതൃശൂർ: കേന്ദ്രമന്ത്രിയും എം.പിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി വന്നതിന് പിന്നാലെ പാര്‍ലമെന്റിലെ ചിത്രങ്ങള്‍ പങ്കുവെച്ച് സുരേഷ് ഗോപി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് രാജ്യസഭയില്‍ ചര്‍ച്ചാ വിഷയമായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയെക്കുറിച്ച് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി എന്ന് കുറിപ്പിൽ പറയുന്നു.
കെ.എസ്.യു തൃശൂർ ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂരാണ് തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയത്.ചത്തിസ്ഗഢില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷം സുരേഷ് ഗോപിയെ കാണാനില്ലെന്നും അദ്ദേഹത്തിന്റെ തിരോധാനത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടത്.
അതേസമയം, കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഒരുമാസമായി കാണാത്തത് കള്ളവോട്ട് ആക്ഷേപം പേടിച്ചാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. കേന്ദ്രമന്ത്രിയെ കാണാനില്ല എന്നുപറഞ്ഞാൽ ഗൗരവമുള്ള കാര്യമാണ്. എന്തോ കള്ളക്കളിയുള്ളതുകൊണ്ടാണ് അദ്ദേഹം ഒളിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
“തൃശൂരിൽ ഫ്ലാറ്റുകളും വാടക വീടുകളും കേന്ദ്രീകരിച്ച് കള്ളവോട്ടുകൾ ചേർത്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കാലത്തുതന്നെ ആക്ഷേപമുയർന്നിരുന്നു. മുൻ മന്ത്രി സുനിൽ കുമാർ ഉൾപ്പെടെ പരാതിപ്പെട്ടിട്ടും അന്വേഷണമുണ്ടായില്ല. അവിടെനിന്ന് ജയിച്ച് പാർലമെന്‍റംഗമായ സുരേഷ് ഗോപി ആറു മാസത്തോളം ക്യാമ്പ് ചെയ്ത് കാര്യങ്ങൾ നിർവഹിക്കുകയായിരുന്നു. ഇപ്പോൾ ശക്തമായ ആക്ഷേപമാണ് ഉയരുന്നത്.
സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമീഷൻ. ആ സ്ഥാപനമിപ്പോൾ കേന്ദ്ര സർക്കാറിന്‍റെ വാലായി പ്രവർത്തിക്കുന്നു. കള്ളവോട്ട് ചേർത്ത് ഫലം അട്ടിമറിക്കുന്നു. തൃശൂരിൽ കള്ളവോട്ട് ചേർത്തെന്ന ആക്ഷേപത്തിൽ സമഗ്രമായ അന്വേഷണം ആവശ്യമാണ്. അന്വേഷണം വന്നാൽ എന്തെങ്കിലും ബുദ്ധിമുട്ടിലാകുമോ എന്ന ആശങ്ക കാരണമാകും ഒരുമാസമായി സുരേഷ് ഗോപിയെ കാണാനില്ലാത്തത്.
കേന്ദ്രമന്ത്രിയെ കാണാനില്ല എന്നു പറഞ്ഞാൽ ഗൗരവമുള്ള വിഷയമല്ലേ? അദ്ദേഹം ബി.ജെ.പിയിൽനിന്ന് രാജിവെച്ചു പോയോ? വ്യക്തമാക്കേണ്ടത് ബി.ജെ.പി നേതൃത്വമാണ്. എന്തായാലും അദ്ദേഹത്തിന്‍റെ ഒളിച്ചുപോക്ക് ജനം ചർച്ചചെയ്യും. എന്തോ ഒരു കള്ളക്കളിയുള്ളതുകൊണ്ടാണ് അദ്ദേഹം ഒളിക്കുന്നത്” -മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

