വർധിച്ചു വരുന്ന അക്രമങ്ങളിൽ സിനിമക്കും പങ്കുണ്ട്; എന്നാൽ അതു മാത്രമാണ് എല്ലാറ്റിനും കാരണം എന്ന് പറയരുത് -സുരേഷ് ഗോപി
text_fieldsസമൂഹത്തിൽ വർധിച്ചു വരുന്ന അക്രമങ്ങളിൽ സിനിമക്കും പങ്കുണ്ടാകാമെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. എന്നാൽ എല്ലാറ്റിനും കാരണം സിനിമയാണെന്ന് പറയരുത്. കുട്ടികളെ നൻമ ഉള്ളവരാക്കി വളർത്തിക്കൊണ്ടുവരണമെന്നും സുരേഷ്ഗോപി പറഞ്ഞു. സംസ്ഥാനത്ത് അടിക്കടി വർധിച്ചുവരുന്ന അതിക്രമങ്ങളിൽ സിനിമക്ക് സ്വാധീനമുണ്ടോ എന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. ഒരുകാലത്ത് മലയാള സിനിമയിലെ ആക്ഷൻ ഹീറോയായിരുന്നു സുരേഷ് ഗോപി.
സിനിമ കേവലമായി കണ്ടാൽ മാത്രം പോര. അത് മനസിലാക്കുക കൂടി വേണം. ഇത്തരം സംഭവങ്ങളിൽ സിനിമകളുടെ സ്വാധീനം ഉണ്ടാകാം. എന്നാൽ ഇതെല്ലാം സിനിമയിൽ സംഭവിച്ചതാണെന്ന് പറയരുത്. ഇടുക്കി ഗോൾഡ് എന്ന അവസ്ഥയുണ്ടായത് കൊണ്ടല്ലേ കലാരൂപമുണ്ടായത്. അല്ലാതെ വായുവിലൂടെ ചിന്തകളിൽ നിന്ന് ആവാഹിച്ചെടുത്ത് നിങ്ങൾക്ക് സമ്മാനിച്ചതല്ലല്ലോയെന്നും സുരേഷ് ഗോപി പറഞ്ഞു.
സിനിമയിലെ വയലൻസിനെ കുറിച്ച് പറയാൻ താൻ ആളല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. നേരിയ തോതിലെങ്കിലും അതിന്റെ ഭാഗമായി വളർന്ന ആളാണ് താൻ. വയലൻസ് നല്ലതല്ല. കണ്ട് പഠിക്കാനുള്ളതാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
മലയാളത്തിലടക്കം പുറത്തിറങ്ങുന്ന പല സിനിമകളിലും വയലൻസിന്റെ ആധിക്യമുണ്ട്. സിനിമകളിലെ വയലൻസ് ആളുകളെ സ്വാധീനിക്കുമെന്നും അത്തരത്തിലുള്ള രംഗങ്ങളിൽ നിയന്ത്രണം കൊണ്ടുവരണമെന്നും സംവിധായകൻ ആഷിക് അബുവും അഭിപ്രായപ്പെട്ടിരുന്നു. സിനിമകളിൽ വയലൻസ് ചിത്രീകരിക്കുന്നത് ഉത്തരവാദിത്തത്തോടെയായിരിക്കണമെന്നും മറ്റെല്ലാ കാര്യങ്ങളെയും പോലെ സിനിമയും സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്നും സംവിധായകൻ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
കൂട്ടക്കൊലകളടക്കമുള്ള അക്രമസംഭവങ്ങൾ കേരളത്തിൽ നാൾക്കു നാൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നാലെയാണ് താമരശ്ശേരിയിൽ സഹവിദ്യാർഥികളുടെ അതിക്രൂര മർദനമേറ്റ വിദ്യാർഥി മരണത്തിന് കീഴടങ്ങിയ സംഭവം. വെഞ്ഞാറമൂടിൽ ഉറ്റവരും ഉടയവരുമായ അഞ്ചുപേരെയാണ് 23 വയസുള്ള അഫാൻ കൊലപ്പെടുത്തിയത്. താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ നിസ്സാരമായ തർക്കമാണ് ഷഹബാസിന്റെ ജീവനെടുത്തത്. വിദ്യാർഥികളുടെ അടിയേറ്റ് തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവെയാണ് 10ാം ക്ലാസ് വിദ്യാർഥിയായ ഷഹബാസ് മരണത്തിന് കീഴടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

