തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ സുരേഷ്ഗോപിയെ ചോദ്യം ചെയ്തു
text_fieldsതിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമായ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘം നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. പൂരം അലങ്കോലപ്പെട്ട കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവൻ ഡി.ഐ.ജി തോംസൺ ജോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരത്ത് രണ്ടാഴ്ച മുമ്പ് സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്. പൂരം മുടങ്ങിയപ്പോള്‍ ആംബുലന്‍സില്‍ സ്ഥലത്തെത്തിയത് കേന്ദ്രീകരിച്ചായിരുന്നു പ്രത്യേകസംഘത്തിന്‍റെ ചോദ്യങ്ങള്‍. പൂരം അലങ്കോലപ്പെട്ട വിവരം ബി.ജെ.പി പ്രവർത്തകർ അറിയിച്ചതനുസരിച്ചാണ് സ്ഥലത്തെത്തിയതെന്നാണ് സുരേഷ് ഗോപിയുടെ മൊഴി.
പൂരം അലങ്കോലമായ രാത്രിയിൽ പൂരപ്പറമ്പിലേക്ക് സുരേഷ് ഗോപി ആംബുലന്‍സിലെത്തിയതിന്‍റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സ്ഥാനാർഥിയായി മത്സരിക്കുന്ന സമയത്തായിരുന്നു ഇത്. അന്ന് ദേവസ്വങ്ങളുമായി ചര്‍ച്ച നടത്തി ആംബുലന്‍സില്‍ തന്നെയാണ് സുരേഷ് ഗോപി മടങ്ങിയത്. ആംബുലൻസിൽ എത്താൻ അവസരമൊരുക്കിയതിനും പൂരം അലങ്കോലമായതിനുമെല്ലാം പിന്നിൽ ഗൂഢാലോചനയെന്നാണ് ഉയർന്ന ആരോപണം. ഇതെ തുടർന്നാണ് പൂരംകലക്കലിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്. സംഘം ഈ മാസം അന്വേഷണ റിപ്പോർട്ട് കൈമാറിയേക്കും.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്കൊപ്പമുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞാണ് പൂരം മുടങ്ങിയത് അറിഞ്ഞത്. അവര്‍ ആവശ്യപ്പെട്ടിട്ടാണ് സ്ഥലത്തെത്തിയത്. ആംബുലന്‍സ് ക്രമീകരിച്ചത് അവരായിരിക്കാം. മറ്റ് കാര്യങ്ങള്‍ അറിയില്ലെന്നുമാണ് സുരേഷ് ഗോപിയുടെ മൊഴി. പൂരം കലക്കലില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച ത്രിതല അന്വേഷണത്തിന്‍റെ ഭാഗമാണ് ഗൂഢാലോചനയിലുള്ള അന്വേഷണം. മറ്റ് രണ്ട് അന്വേഷണങ്ങള്‍ പൂര്‍ത്തിയായെങ്കിലും ഗൂഢാലോചനയിലുള്ള അന്വേഷണം അനന്തമായി നീളുകയായിരുന്നു.
തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാകാൻ തിരുവമ്പാടി ദേവസ്വം ഭാരാവാഹികള്‍ ശ്രമിച്ചുവോയെന്ന് സംശയിക്കുന്നുവെന്നായിരുന്നു ആദ്യം അന്വേഷണം നടത്തിയ എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന്‍റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്മേലാണ് ത്രിതല അന്വേഷണം സർക്കാർ പ്രഖ്യാപിച്ചത്. എ.ഡി.ജി.പിക്ക് വീഴ്ചയുണ്ടായെന്നായിരുന്നു ഡി.ജി.പിയുടെ റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

