'ഭരത്ചന്ദ്രന്റെ ചങ്കുറപ്പ് സുരേഷ് ഗോപിക്കുമുണ്ട്, സിനിമയിൽ നിന്നിറങ്ങാൻ സൗകര്യമില്ല, ഇനിയും വേലായുധൻ ചേട്ടന്മാരെ അങ്ങോട്ടുവിടും..സി.പി.എം ചങ്കൂറ്റം കാണിക്കണം'; സുരേഷ് ഗോപി
text_fieldsതൃശൂർ: കലുങ്ക് ചർച്ചക്കിടെ വയോധികന്റെ നിവേദനം സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ വിശദീകരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
കൊച്ചുവേലായുധന്റെ നിവേദനം സ്വീകരിക്കാത്തത് കൈപിഴയാണെന്ന് സമ്മതിച്ച സുരേഷ് ഗോപി അവിടേയും ഇവിടെയും തെറിച്ച് കിടക്കുന്ന ചില കൈപ്പിഴകളൊക്കെ എടുത്തുകാണിച്ച് ഈ തീപന്തം കെടുത്താനാകില്ലെന്നും പറഞ്ഞു. സുരേഷ് ഗോപി മടക്കിയയച്ച കൊച്ചുവേലായുധന് വീട് നിർമിച്ചു നൽകാമെന്നുള്ള സി.പി.എം തീരുമാനത്തെ സുരേഷ് ഗോപി പരിഹസിച്ചു.
വേലായുധൻ ചേട്ടന് വീട് കിട്ടുന്നതിൽ സന്തോഷമേയുള്ളൂവെന്നും ഇനിയും വേലായുധൻ ചേട്ടന്മാരെ അങ്ങോട്ട് വിടാമെന്നും സ്വീകരിക്കാൻ പാർട്ടി തയാറായി ഇരുന്നോളൂ, അതിനുള്ള ചങ്കൂറ്റം കാണിക്കണമെന്നും മന്ത്രി പറഞ്ഞു. ഇന്ന് കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക് ചർച്ചയിലാണ് സുരേഷ് ഗോപിയുടെ മറുപടി.
'അവിടേയും ഇവിടെയും തെറിച്ച് കിടക്കുന്ന ചില കൈപ്പിഴകളൊക്കെ എടുത്തുകാണിച്ച് ഈ തീപന്തം കെടുത്താനാകില്ല. ഈ തീഗോളം കെടുത്താമെന്ന് ഒരുത്തനും വിചാരിക്കേണ്ട, നടക്കില്ല. അതിനൊക്കെയുള്ള ചങ്കുറപ്പ് ഭരത്ചന്ദ്രനുണ്ടെങ്കിൽ അത് സുരേഷ് ഗോപിക്കുമുണ്ട്. ചിലർ പറയുന്നു. താൻ സിനിമയിൽ നിന്ന് ഇറങ്ങിയിട്ടില്ല എന്ന്, എന്തിന് സിനിമയിൽ നിന്ന് ഇറങ്ങണം. സിനിമക്ക് ജനങ്ങൾ കൈയടിച്ചിട്ടുണ്ടെങ്കിൽ അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. അത് കൊണ്ട്, സിനിമയിൽ നിന്ന് ഇറങ്ങാൻ സൗകര്യമില്ല.' സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപി നയിക്കുന്ന ‘കലുങ്ക് സൗഹൃദ സംവാദ’ത്തിൽ വീടിനായി നിവേദനവുമായെത്തിയ പുള്ള് സ്വദേശി കൊച്ചുവേലായുധനെയാണ് മന്ത്രി മടക്കി അയച്ചത്. ‘പരാതികളൊക്കെ അങ്ങ് പഞ്ചായത്തിൽ കൊണ്ടുകൊടുത്താൽ മതി, ഇത് വാങ്ങൽ എം.പിയുടെ പണിയല്ല’ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകളിൽ മാത്രമേ എം.പി ഫണ്ട് നൽകുകയുള്ളോ എന്ന ചോദ്യത്തിന് ‘തൽക്കാലം അതേ പറ്റൂ ചേട്ടാ’ എന്നായിരുന്നു പരിഹാസരൂപത്തിലുള്ള മറുപടി. സംഭവം വിവാദമായതോടെ വിഷയം സി.പി.എം ഏറ്റെടുക്കുകയും വീട് നർമിച്ച് നൽകാമെന്ന് സി.പി.എം തൃശൂർ ജില്ല സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ ഉറപ്പുനൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

