‘പ്രസ്താവന ശരിയല്ലെങ്കിൽ പിൻവലിക്കുന്നു; മാധ്യമങ്ങൾ എടുത്തിട്ട് പെരുമാറികൊണ്ടിരിക്കുകയാണ്’; ‘ഉന്നതകുലജാതർ’ പരാമർശത്തിൽ സുരേഷ് ഗോപി
text_fieldsന്യൂഡൽഹി: ആദിവാസി വകുപ്പ് ഉന്നതകുലജാതർ ഭരിക്കട്ടെ എന്ന പ്രസ്താവന വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്ത്. തന്‍റെ പരാമർശങ്ങളെ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് ഡൽഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സുരേഷ് ഗോപി വ്യക്തമാക്കി.
പറഞ്ഞതത്രയും ഹൃദയത്തിൽ നിന്ന് വന്നതാണ്. താൻ പറഞ്ഞത് മുഴുവനും കൊടുത്തില്ല. മുന്നാക്ക ജാതിക്കാരുടെ കാര്യം നോക്കാൻ പിന്നാക്ക വിഭാഗക്കാരെയും കൊണ്ടുവരണമെന്നും താൻ പറഞ്ഞിരുന്നതായും സുരേഷ് ഗോപി വിശദീകരിച്ചു.
'നല്ല ഉദ്ദേശം മാത്രമേ ഉള്ളൂ. ആരും മികച്ചതാണെന്നും ആരും മോശപ്പെട്ടതാണെന്നും പറഞ്ഞിട്ടില്ല. ഈ ചട്ടക്കൂടിനുള്ളിൽ നിന്ന് പുറത്തുവരണമെന്ന് പറഞ്ഞത് ഇപ്പോൾ എടുത്തിട്ട് പെരുമാറി കൊണ്ടിരിക്കുകയാണ്. ബജറ്റിന്‍റെ നന്മ കൊടുത്തി കളയുകയാണ് ഇതിന്‍റെ ഉദ്ദേശം. വിശദീകരണം ശരിയല്ലെങ്കിൽ ഞാൻ പിൻവലിക്കുന്നു. ഇങ്ങനെ തന്നെ പോകട്ടെ' - സുരേഷ് ഗോപി വ്യക്തമാക്കി.
ഗോത്രകാര്യ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്താൽ ആദിവാസികൾക്ക് പുരോഗതിയുണ്ടാവൂ എന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയാണ് വിവാദമായത്. അത്തരം ജനാധിപത്യമാറ്റങ്ങൾ ഉണ്ടാവണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ആദിവാസി വകുപ്പ് തനിക്ക് ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം നിരവധി തവണ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ബ്രാഹ്മണനോ, നായിഡുവോ വകുപ്പ് കൈകാര്യം ചെയ്യട്ടെ. ഗോത്രകാര്യ വകുപ്പ് ആദിവാസികൾ തന്നെ കൈകാര്യം ചെയ്യുന്നതെന്ന് ഒരു ശാപമാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
ആദിവാസി വകുപ്പിന്‍റെ ചുമതലയിൽ ഉന്നതകുല ജാതർ വരണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായാണ് മന്ത്രി ഒ.ആർ. കേളുവും കെ. രാധാകൃഷ്ണൻ എം.പിയും കെ.പി.സി.സി ഉപാധ്യക്ഷൻ വി.ടി. ബൽറാമും രംഗത്തെത്തിയത്.
രാഷ്ട്രപതി ദ്രൗപദി മുർമു ഗോത്രവിഭാഗത്തിൽ നിന്നുള്ളവരാണെന്നും രാഷ്ട്രപതിയെ സംബന്ധിച്ചും ഇതേ അഭിപ്രായമാണോ സുരേഷ് ഗോപിക്ക് ഉള്ളതെന്നും മന്ത്രി ഒ.ആർ. കേളു ചോദ്യം ഉന്നയിച്ചു. ബി.ജെ.പിക്കാർ പോലും ഇത് മുഖവിലക്ക് എടുക്കില്ലെന്നും ഒ.ആർ. കേളു ചൂണ്ടിക്കാട്ടി.
സുരേഷ് ഗോപിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കെ. രാധാകൃഷ്ണൻ പറഞ്ഞു. രാഷ്ട്രപതിയെ അപമാനിക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. സുരേഷ് ഗോപിയാണോ ഉന്നതകുലജാതരെ തീരുമാനിക്കുന്നത്. സുരേഷ് ഗോപിക്ക് എപ്പോഴും ഉന്നതകുലജാതൻ എന്ന് പറഞ്ഞു നടപ്പാണ് പണി.
കേരളത്തെ തകർക്കുന്ന നിലപാടാണിത്. എല്ലാവരും അടിമയായിരിക്കണമെന്നാണ് സുരേഷ് ഗോപിയുടെ സ്വപ്നം. കേന്ദ്രമന്ത്രി സ്ഥാനത്തിരിക്കാൻ സുരേഷ് ഗോപി അർഹനല്ലെന്നും കെ. രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.
മനുസ്മൃതിയിലൂന്നിയ സംഘ് പരിവാറിന്റെ ജീർണിച്ച പ്രത്യയശാസ്ത്രമാണ് ഇദ്ദേഹത്തെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നതെന്ന് ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.
വി.ടി. ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇതെന്തൊരു കഷ്ടമാണ്!
എത്ര പേർ, എത്ര തവണ, എത്ര അവസരങ്ങളിൽ ഏതെല്ലാം രീതിയിൽ ചൂണ്ടിക്കാട്ടിയിട്ടും ഈപ്പറയുന്നതിലെയൊക്കെ മനുഷ്യവിരുദ്ധതയും പുളിച്ചു തികട്ടുന്ന സവർണ്ണതയും ഇദ്ദേഹത്തിന് മനസ്സിലാകുന്നില്ല എന്ന് വച്ചാൽ എന്ത് ചെയ്യാനാണ്!
"ഉന്നതകുലജാതർ" ഒരു സർക്കാർ വകുപ്പിന്റെയല്ല, ഈ നാടിന്റെ തന്നെ മൊത്തം അധികാരവും കയ്യാളി തന്നിഷ്ടത്തിനനുസരിച്ച് ഭരിച്ചിരുന്ന പഴയ രാജഭരണകാലത്തൊക്കെ ഇവിടത്തെ ദലിതർക്കും ആദിവാസികൾക്കുമൊക്കെ പിന്നെ സ്വർഗമായിരുന്നല്ലോ! ഈ "ഉന്നതകുലജാതർ" എന്ന ഒരു വർഗം തന്നെയുണ്ടായത് മറ്റ് അധ്വാനിക്കുന്ന മനുഷ്യരെ നൂറ്റാണ്ടുകളോളം ചൂഷണം ചെയ്തിട്ടാണ് എന്ന് എത്ര തവണ പറഞ്ഞാലാണ് ഈ ചരിത്രബോധവിഹീനർക്ക് മനസ്സിലാവുക? മനുസ്മൃതിയിലൂന്നിയ സംഘ് പരിവാറിന്റെ ജീർണ്ണിച്ച പ്രത്യയശാസ്ത്രമാണ് ഇദ്ദേഹത്തേക്കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്.
ബഹുമാനപ്പെട്ട കേന്ദ്രമന്ത്രിക്ക് ഇടപെടാവുന്ന ചില കാര്യങ്ങൾ Dhanya Ramanനേപ്പോലുള്ള ആക്ടിവിസ്റ്റുകൾ കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ വകുപ്പിന് കീഴിൽ കേരളത്തിൽത്തന്നെ പട്ടികജാതി/വർഗക്കാർക്കായി 100ഓളം പെട്രോൾ പമ്പുകൾ അനുവദിച്ചിട്ടുണ്ട്. അതൊക്കെ ഇപ്പോൾ ആരാണ് കൈവശപ്പെടുത്തിയിരിക്കുന്നത് എന്നും ആദിവാസികളുടെ പേരിൽ ആരാണ് കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്നും ബഹു. കേന്ദ്രമന്ത്രി തന്റെ ഔദ്യോഗിക സംവിധാനങ്ങൾ വഴി കൃത്യമായി അന്വേഷിച്ച് നടപടി സ്വീകരിക്കാമോ? ഇദ്ദേഹം മന്ത്രിയായതിന് ശേഷം അനുവദിച്ചവയാണ് ഈ എല്ലാ പമ്പുകളും എന്ന് പറയുന്നില്ല, എന്നാൽ നിലവിൽ ഇക്കാര്യത്തിൽ ഇടപെടാൻ അധികാരമുള്ളത് സ്വയം "ഉന്നതകുലജാതനാ"യ ഇദ്ദേഹത്തിനാണ്. എന്തെങ്കിലും നടപടി ഉണ്ടാവുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

