‘ശവങ്ങളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിച്ച് ജയിച്ചവൻമാരാണ്...’ -തൃശൂരിലെ വോട്ട് വിവാദത്തെക്കുറിച്ച് സുരേഷ് ഗോപി
text_fieldsതിരുവനന്തപുരം: തൃശൂരിലെ വോട്ട് വിവാദത്തിൽ കലുങ്ക് സംവാദ പരിപാടിയിൽ പ്രതികരണവുമായി ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപി. ജയിക്കുക പോലുമില്ല എന്ന് പറഞ്ഞ തൃശൂരിൽ നിന്നാണ് തനിക്ക് ജയിക്കാൻ സാധിച്ചതെന്നും ശവങ്ങളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിച്ച് ജയിച്ചവൻമാരാണ് കുറ്റം പറയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
‘ബി.ജെ.പിക്ക് സ്വാധീനമുള്ള പാലക്കാടും തിരുവനന്തപുരത്തും അല്ല ഞാൻ നിന്ന് ജയിച്ചത്. ജയിക്കുക പോലുമില്ല എന്ന് പറഞ്ഞ തൃശൂരിൽ നിന്നാണ് എനിക്ക് ജയിക്കാൻ സാധിച്ചതെങ്കിൽ അത് ദൈവം കൂടെ നിൽക്കുന്നത് കൊണ്ടാണ്. എന്തൊക്കെ കഥകളാണ് ഉണ്ടാക്കുന്നത്.... പൂരം കലക്കി... ചെമ്പ് കലക്കി... ഗോപിയാശാനെ കലക്കി... ആർ.എൽ.വിയെ കലക്കി... ഇതെല്ലാം കഴിഞ്ഞ് വോട്ട് കലക്കി... ശവങ്ങളെ കൊണ്ടുവന്ന് വോട്ട് ചെയ്യിപ്പിച്ച് ജയിച്ചവൻമാരാണ് ഇത്രയും കാലം നിങ്ങളെ വധിച്ചുകൊണ്ടിരിക്കുന്നത്. ചത്ത ശവങ്ങളെ... 25 വർഷം മുമ്പ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ടുവന്ന് വോട്ട് ചെയ്തിട്ടുണ്ട്.’
‘കേരളത്തിൽ ഇത്തവണയെങ്കിലും ശക്തമായ സാന്നിധ്യം നിയമസഭയിൽ അറിയിച്ചുകൊണ്ട് നിങ്ങളുടെ രക്ഷയ്ക്കായി പുതിയൊരു ഉദയം രാഷ്ട്രീയ ഭരണ സമ്പ്രദായത്തിൽ ഉണ്ടാവണം. ഒരു ഡബിൾ എൻജിൻ സർക്കാർ ഇവിടെ ആവശ്യമാണ്. അതിന്‍റെ വ്യത്യാസം നിങ്ങൾ അറിയും. ഈ കലുങ്ക് സംഗമത്തെ അവർ ഭയപ്പെടുന്നു. എന്ത് വക്രം എഴുന്നള്ളിച്ചും ഇത് ഇല്ലായ്മ ചെയ്യാന്‍ അവർ ശ്രമിക്കും. എനിക്ക് അതിൽ വിഷമമില്ല. ഞാൻ ഇനിയും ഇത് തുടർന്നുകൊണ്ടിരിക്കും...’ -സുരേഷ് ഗോപി പറഞ്ഞു.
എയിംസ് എവിടെ സ്ഥാപിക്കുമെന്ന വിവാദത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. ‘എയിംസിനെ സംബന്ധിച്ച് 2015 മുതൽ എന്താണോ എന്‍റെ നിലപാട്, അത് ഞാൻ ആവർത്തിക്കുന്നു എന്നേ ഉള്ളൂ. എവിടെയോ അവർ സ്ഥലം വാങ്ങിച്ചിട്ടു, അവിടെ അങ്ങ് ചെയ്തേക്കൂ എന്ന് കേരള സർക്കാറിന് പറയാൻ ഒക്കത്തില്ല. എയിംസ് എന്ന ഉൽപന്നം എവിടെ വന്നാൽ ഒരു പ്രദേശത്തെ ആകമാനം ഉയർത്തുകയും അതിന്‍റെ ഗുണം സംസ്ഥാനത്തിന് മൊത്തമായി ലഭിക്കും, പാർലമെന്‍റിലും ഇതുതന്നെയാണ് പറഞ്ഞത്. എയിംസ് വരുമെന്ന് പറഞ്ഞെങ്കിൽ അത് വരും’ -സുരേഷ് ഗോപി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

